സുധാകരനെ തല്ലിക്കൊല്ലാൻ ഇവിടെ ആളുണ്ട്; പ്രകോപനപരമായ പരാമർശവുമായി കെ പി അനിൽ കുമാർ

ബ്ലേഡ്-മണൽ മാഫിയയുമായി മാത്രം കൂട്ടുകെട്ടുള്ള ആളാണ് സുധാകരൻ എന്ന് അനിൽ കുമാർ ആഞ്ഞടിച്ചു. സിപിഎമ്മിലെത്തിയ ശേഷം സുധാകരനെതിരേ രൂക്ഷ വിമർശനവുമായി അനിൽ കുമാർ സജീവമാണ്.

Update: 2022-01-13 11:51 GMT

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ പ്രകോപനപരമായ പരാമർശവുമായി സിപിഎം നേതാവ് കെ പി അനിൽ കുമാർ. സുധാകരൻ പേപ്പട്ടിയെപ്പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് അനിൽ കുമാർ പറഞ്ഞു.

ബ്ലേഡ്-മണൽ മാഫിയയുമായി മാത്രം കൂട്ടുകെട്ടുള്ള ആളാണ് സുധാകരൻ എന്ന് അനിൽ കുമാർ ആഞ്ഞടിച്ചു. സിപിഎമ്മിലെത്തിയ ശേഷം സുധാകരനെതിരേ രൂക്ഷ വിമർശനവുമായി അനിൽ കുമാർ സജീവമാണ്. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ എഞ്ചിനീയറിങ് വിദ്യാർഥിയെ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊന്നതിനു പിന്നാലെ ധീരജിന്റെ മരണം സിപിഎം ഇരന്നു വാങ്ങിയതാണെന്ന് കെ സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. ഇതിനോടാണ് അനിൽ കുമാറിന്റെ പ്രതികരണം.

"ധീരജിന്റെ മരണം നിങ്ങൾ ഇരന്നു വാങ്ങിയ മരണമാണ്, ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ്." എന്നായിരുന്നു കെ സുധാകരന്റെ പ്രകോപനപരമായ പ്രസ്താവന. രൂക്ഷ വിമർശനമാണ് സുധാകരനെതിരേ സിപിഎമ്മിൽ നിന്നും ഉയരുന്നത്.

കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരണം ഇരന്നു വാങ്ങിയവൻ എന്ന് കോൺഗ്രസ് പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായെന്നാണ് ധീരജിന്റെ മരണത്തിലൂടെ നാം കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Similar News