ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; എംഎസ്എഫ് മലപ്പുറം ഡിഡിഇ ഓഫിസ് മാര്‍ച്ചിനെതിരേ പോലിസ് നരനായാട്ട്
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്.
മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ മനംനൊന്ത് ദലിത് വിദ്യാര്‍ഥിനി ദേവിക തീക്കൊളുത്തി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ചയ്‌ക്കെതിരേ എംഎസ്എഫ് മലപ്പുറം ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ നേരെ പോലിസ് നരനായാട്ട്. മാര്‍ച്ച് ഡിഡിഇ ഓഫിസ് കവാടത്തിന് മുന്നിലേക്ക് എത്തുന്നതിന് മുമ്പെ ചാടിവീണ പോലിസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊതിരെ തല്ലി. വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും പോലിസ് തടഞ്ഞു. സിഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ സമരക്കാരെ തല്ലിച്ചതച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. എല്ലാവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്.
കവാടത്തിന് മുന്നില്‍ ബാരിക്കേഡ് പോലും തീര്‍ക്കാതെ നിലയുറപ്പിച്ച പോലിസ് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമരക്കാരെ പൊതിരെ തല്ലിയ പോലിസ് നിലത്ത് വീണു കിടക്കുന്നവരേയും തല്ലിച്ചതച്ചു. ഗുരുതര പരിക്കേറ്റ എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, സെക്രട്ടറി ഇസ്മായില്‍, ഷബീര്‍ കോഡൂര്‍ എന്നിവരെ പെരിന്തല്‍മണ്ണ എംഇഎഎസ് മെഡിക്കല്‍ കോളജിലും തലക്കും കൈക്കും പരിക്കേറ്റ ദേശീയ സെക്രട്ടറി എന്‍ എ കരിം, സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കല്‍, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അസ്ഹര്‍ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിഎ വഹാബ്, പിഎ ജവാദ്, ഷബീര്‍ പൊന്മള എന്നിവരെ മലപ്പുറം സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്തുനിന്നും 12.15 ഓടെ പ്രകടനമാത്തെിയ പ്രവര്‍ത്തകര്‍ 12.30 ഓടെയാണ് ഡിഡിഇ ഓഫിസ് പരിസരത്ത് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാത്രമാണ് പ്രതിഷേധസമരത്തില്‍ പങ്കെടുത്തത്. മുപ്പതോളം വരുന്ന പോലിസ് ചേര്‍ന്നാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. എംഎസ്എഫ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഹക്കിം തങ്ങള്‍, സെക്രട്ടറി മുറത്ത് പെരിന്തല്‍മണ്ണ, ടി പി നബീല്‍, വി എം ജുനൈദ്, ജസീല്‍ പറമ്പന്‍, അഫ്‌ലഹ് സികെ, സഹല്‍, ഹാഫിദ് പരി എന്നിവരെ പോലിസ് അറസ്റ്റുചെയ്തു.
ജനാധിപത്യരീതിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും അറസ്റ്റുചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എംഎല്‍എമാരായ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രാഹിം എന്നിവര്‍ ജില്ലാ പോലിസ് മേധാവിയെ കണ്ടു. ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച പോലിസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധം പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.