ഡല്‍ഹിയില്‍ ക്രൈസ്തവദേവാലയം തകര്‍ത്തത് പ്രതിഷേധാര്‍ഹം ; നീതി വേണമെന്ന് : സീറോമലബാര്‍ സഭ
നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം ഇടിച്ചു നിരത്തിയത്. ഡല്‍ഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്.
കൊച്ചി: ഡല്‍ഹിയിലെ ഫരീദാബാദ് സീറോമലബാര്‍ സഭയുടെ അന്ധേരി മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം ഖേദകരമാണെന്നും വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായ ഇടപെട്ട് ആരാധനാലയം നഷ്ടപ്പെട്ട വിശ്വാസികള്‍ക്ക് നീതി നടത്തി തരണമെന്നും സീറോമലബാര്‍ സഭ നേതൃത്വം ആവശ്യപ്പെട്ടു.
13 വര്‍ഷത്തോളമായി വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും നടക്കുന്ന പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് നിലംപരിശാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നു.
450 കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം വിശ്വാസികള്‍ പതിമൂന്ന് വര്‍ഷമായി ആശ്രയിച്ചിരുന്ന ദേവാലയമാണ് പൊളിച്ചുമാറ്റിയത്. നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം ഇടിച്ചു നിരത്തിയത്. ഡല്‍ഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. െ്രെകസ്തവ സമൂഹത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സീറോമലബാര്‍ സഭ നേതൃത്വം വ്യക്തമാക്കി.
ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകള്‍ മാത്രമല്ല, ഈ ദേവാലയത്തില്‍ ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലാഡോ സരായി അന്ധേരി മോഡിലെ ഡോ. അംബേദ്കര്‍ കോളനിയില്‍ ഇടവകാംഗം നല്‍കിയ സ്ഥലത്താണ് ദേവാലയം നിലനിന്നിരുന്നത്. സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഇന്ത്യയിലെ ക്രൈസ്തവന്യൂനപക്ഷത്തിന് ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും സീറോമലബാര്‍ സഭ നേതൃത്വം വ്യക്തമാക്കി.