ഡെങ്കിപ്പനി; സംസ്ഥാനത്ത് രണ്ടുമരണം

കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല

Update: 2023-06-21 10:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പത്തനംതിട്ടയിലും കൊല്ലത്തുമാണ് ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖിലയും(32) കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ(33)യുമാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഖിലയുടെ മരണം. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അരുണ്‍ കൃഷ്ണ.അതിനിടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി ബാധിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്ന ഇടങ്ങളാണ്. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുതെന്നും ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.






Tags:    

Similar News