മുല്ലപ്പള്ളിക്കെതിരായ പോലിസ് നടപടി: കോൺഗ്രസ് വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി ഡിജിപി പ്രവർത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിന്റെ പേരിലാണു നടപടി. ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പോലിസ് നടപടിയുമായി ബന്ധപ്പെട്ട കോൺഗ്രസ് വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുല്ലപ്പള്ളിക്കെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കൈയിൽ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി ഡിജിപി പ്രവർത്തിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിന്റെ പേരിലാണു നടപടി. ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പരാമർശം.
മുല്ലപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ മാനനഷ്ട കേസ് നല്കാന് അനുമതി ആവശ്യപ്പെട്ട് ബെഹ്റ നൽകിയ കത്തിൽ സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. ഫാസിസ്റ്റ് സമീപനമാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.