സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
'അനില്‍ ബാബു'എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
തൃശൂര്‍: സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 'അനില്‍ ബാബു'എന്ന പേരില്‍ സംവിധായകന്‍ അനിലുമായി ചേര്‍ന്ന് 24 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിഹരന്റെ സംവിധാന സഹായിയായിയാണ് മലയാള സിനിമയിലെത്തിയത്. അനഘയാണ് ആദ്യ സിനിമ. പിന്നീട് പൊന്നരഞ്ഞാണം എന്ന സിനിമയും സംവിധാനം ചെയ്തു. അതിനു ശേഷമാണ് അനിലുമായി കൂട്ടു ചേര്‍ന്നത്. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. സ്ത്രീധനം, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, കുടുംബവിശേഷം, വെല്‍കം ടു കൊടൈക്കനാല്‍, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍ തുടങ്ങി 2005ല്‍ പുറത്തിറങ്ങിയ പറയാം എന്ന സിനിമ വരെ 24 സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.
മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. 2004ല്‍ 'പറയാം' എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍നിന്ന് വിട്ടുനിന്നു. 2013ല്‍ 'നൂറ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി.