പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലുകള്‍; എസ്.പി സുജിത് ദാസിനെതിരെ നടപടി ഉണ്ടാവും
തിരുവനന്തപുരം: മുന്‍ മലപ്പുറം ജില്ല പൊലിസ് മേധാവിയും നിലവില്‍ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിനെതിരെ ആഭ്യന്തര വകുപ്പ് നടപടിക്ക് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടാവുക. സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചതായും പി.വി. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പോലിസ് സേനക്ക് നാണക്കേടുണ്ടാക്കിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.ഐ.ജി. അജിത ബീഗമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇന്ന് വൈകീട്ട് ഡി.ജി.പി. സര്‍ക്കാറിന് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുജിത് ദാസിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
പി.വി. അന്‍വര്‍ ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല നടപടി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മാധ്യമങ്ങള്‍ വഴി എസ്.പി. സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
മലപ്പുറം എസ്.പി. ഓഫീസിലെ മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടാണ് സുജിത് ദാസ് എം.എല്‍.എയെ വിളിച്ചത്. പരാതി പിന്‍വലിച്ചാല്‍ താന്‍ എല്ലാകാലത്തും എം.എല്‍.എയോട് നന്ദിയുള്ളവനായിരിക്കുമെന്ന തരത്തിലാണ് സുജിത് ദാസ് സംസാരിച്ചത്.
മാത്രവുമല്ല എം.ആര്‍ അജിത് കുമാറിനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളും സുജിത് അന്‍വറുമായുള്ള സംഭാഷണത്തില്‍ പുറത്തുവിട്ടിരുന്നു. ഫോണ്‍സംഭാഷണം പുറത്തു വന്നതിന് പിന്നാലെ സുജിത് ദാസ് എ.ഡി.ജി.പി. അജിത് കുമാറിനെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം അനുമതി നല്‍കിയിരുന്നില്ല. പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.