മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇഡി അന്വേഷണം; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഇഡിയുടെ കൊച്ചി യൂണിറ്റാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. കേസില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു തുല്യമായ നടപടിയാണ് ഇസിഐആര്‍.
വീണയുടെ എക്സാലോജിക് കമ്പനി ഉള്‍പ്പെടെ എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്കും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസയമം, കേസില്‍ ഇഡി അന്വേഷണം അനിവാര്യമെന്ന് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു.