രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി പോലിസ് പിടിയില്‍

ലക്ഷദ്വീപ്, കല്‍പേനി, കുഞ്ഞിപുവക്കട വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

Update: 2021-01-20 14:49 GMT

കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ്, കല്‍പേനി, കുഞ്ഞിപുവക്കട വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. എറണാകുളം ബോട്ട് ജെട്ടി ഭാഗത്തെ ലോഡ്ജില്‍ മയക്കുമരുന്നുമായി ഒരാള്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലിസ് സംഘം ലോഡ്ജ് പരിശോധിച്ചത്.

ലോഡ്ജ് റൂമിലെത്തി പരിശോധന നടത്തിയ പോലിസ് റൂമിലെ കട്ടിലിനടിയില്‍ ഒരു മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ലക്ഷദ്വീപില്‍ നിന്നും രണ്ടു ദിവസം മുന്‍പ് ചികില്‍സക്കെന്ന വ്യാജനെ കൊച്ചിയിലെത്തി മുറി വാടകയ്‌ക്കെടുത്ത പ്രതി കഞ്ചാവ് ബൈക്കില്‍ ഒളിപ്പിച്ച് ലക്ഷദ്വീപിലേക്ക് കടത്താനായി കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഇരിക്കുന്നതിനിടയിലാണ് പോലിസിന്റെ വലയില്‍ ഇയാള്‍ കുടുങ്ങിയത്. സാധാരണഗതിയില്‍ പോലിസില്‍ നിന്നുള്ള നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

മേടിച്ചു വാഹനങ്ങള്‍ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. സമയം വാഹനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പോലിസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി യുടെ നിര്‍ദ്ദേശാനുസരണം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ എസ് ഐ കെ എക്‌സ് തോമസ്,ജോസഫ്, ജൂനിയര്‍ എസ് ഐ ആനി, എഎസ് ഐ ഗോപി, സീനിയര്‍ സിപിഒമാരായ അനീഷ്, റെജി, ഷമീര്‍ സിപിഒമാരായ രഞ്ജിത്ത്, ഇസഹാക്ക്, കൃഷ്ണകുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News