പോണേക്കരയിലെ ഇരട്ടക്കൊലപാതകം: 17 വര്‍ഷത്തിനു ശേഷം പ്രതി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍
വിവിധ കേസുകളിലായി നേരത്തെ അറസ്റ്റിലായ ജയാനന്ദന്‍ നിലവില്‍ സെന്‍ട്രല്‍ ജെയിലില്‍ റിമാന്റിലാണ് .കേസിന്റെ തുടര്‍ നടപടികള്‍ക്കായി ജയാനന്ദനെ കസ്റ്റഡിയില്‍ വാങ്ങിയതായി എഡിജിപി ശ്രീജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കൊച്ചി: എറണാകുളം ഇടപ്പള്ളി പോണേക്കരയില്‍ 2004 ല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍.കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.വിവിധ കേസുകളിലായി നേരത്തെ അറസ്റ്റിലായ ജയാനന്ദന്‍ നിലവില്‍ സെന്‍ട്രല്‍ ജെയിലില്‍ റിമാന്റിലാണ് .കേസിന്റെ തുടര്‍ നടപടികള്‍ക്കായി ജയാനന്ദനെ കസ്റ്റഡിയില്‍ വാങ്ങിയതായി എഡിജിപി ശ്രീജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊലപാതകം,പിടിച്ചു പറി,മോഷണം അടക്കം കേസുകളില്‍ ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു.
എട്ടു പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.ഇതു കൂടാതെ 15 മോഷണകേസുകളിലും ഇയാള്‍ പ്രതിയാണ്.ശിക്ഷ ഇയാള്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുയാണ്. ജെയില്‍ നിന്നും ഇയാള്‍ ഇനി പുറത്തിങ്ങാനുള്ള സാഹചര്യമുണ്ടാകില്ല. നേരത്തെ രണ്ടു തവണ ഇയാള്‍ ജെയില്‍ ചാടിയിട്ടുള്ളതിനാല്‍ ജയില്‍ അധികൃതരുടെ അതീവ ശ്രദ്ധയും ജാഗ്രതയും ഇയാളുടെ മേല്‍ ഉണ്ടെന്നും എഡിജിപി വ്യക്തമാക്കി.2004 മെയ് 30 നാണ് സംഭവം.74 വയസുള്ള വൃദ്ധയെയും അവരുടെ സഹോദരനായ 60 വയസുള്ള രാജന്‍ എന്നു വിളിക്കുന്ന നാരായണ അയ്യരെയുമാണ് റിപ്പര്‍ ജയാനന്ദന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കൃത്യത്തിനു ശേഷം 44 പവനോളം ആഭരണങ്ങളും 15 ഗ്രാം തൂക്കം വരുന്ന വെള്ളിനാണയങ്ങളുംമോഷ്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു.
ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.സംഭവ ദിവസം ഇയാളെ പരിസരത്ത് കണ്ടതായുളള സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പര്‍ ജയാന്ദനെക്കുറിച്ച് കേസില്‍ സംശമുണ്ടായിരുന്നുവെങ്കിലും കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.ഇതിനിടയില്‍ ഈ കൊലപാതകത്തിന്റെ വിവരം ജയാനന്ദന്‍ തന്നെ ജയിലില്‍ വെച്ച് മറ്റു പ്രതികളുമായി സംസാരിച്ചിരുന്നു.ഇതിലൂടെയാണ് കേസിലെ ജയാനന്ദന്റെ പങ്ക് വ്യക്തമാകുന്നത്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയും കൂടുതല്‍ തെളിവായിമാറി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ജയാനന്ദന്‍ കുറ്റം സമതിച്ചതായി എഡിജിപി വ്യക്തമാക്കി.