ബൈക്കിലെത്തി യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ യുവാക്കള്‍ പിടിയില്‍
ചേര്‍ത്തല,എരമല്ലൂര്‍,പുളിയം പള്ളി,സാംസണ്‍(20),ആലപ്പുഴ,എഴുപുന്ന, ചനയില്‍ വീട്ടില്‍ എമില്‍ എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്
കൊച്ചി: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍.ചേര്‍ത്തല,എരമല്ലൂര്‍,പുളിയം പള്ളി,സാംസണ്‍(20),ആലപ്പുഴ,എഴുപുന്ന, ചനയില്‍ വീട്ടില്‍ എമില്‍ എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ലോഡ്ജില്‍ താമസിച്ച, യുവാവാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് സംഭവം. പരാതിക്കാരനും സുഹൃത്തും എറണാകുളത്തുള്ള ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയില്‍ പഠന സംബന്ധമായ കാര്യങ്ങള്‍ തിരകാന്‍ എത്തിയതായിരുന്നു. രാത്രിയായതിനാല്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് അരികിലുള്ള ഒരു ലോഡ്ജില്‍ ഇരുവരും താമസിക്കുന്നതിനായി മുറിയെടുത്തിനു ശേഷം രാത്രി 10 മണിയോടെ ലോഡ്ജിന് മുമ്പില്‍ നില്‍ക്കുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ അവരെ മര്‍ദ്ദിക്കുകയും പരാതിക്കാരന്റെ കയ്യില്‍ കിടന്നിരുന്ന വാച്ച് തട്ടിപ്പറിച്ച് പോകുകയും ചെയ്തു.തുടര്‍ന്ന് അവര്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സമാന രീതിയിലുളള സംഭവങ്ങള്‍ ജില്ലയിലെ പലഭാഗങ്ങളിലും നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ മനസ്സിലാക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.ഇന്ന് നടന്ന സ്‌പെഷ്യല്‍ ക്രൈം ഡ്രൈവില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ വിപിന്‍ കുമാര്‍, കെ എക്‌സ് തോമസ്, എസ് പി ആനി, എസ് സി പി ഒ അനീഷ്, സിപിഒ മാരായ ഇഗ്‌നേഷ്യസ്, ഇസഹാഖ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.