ഖജനാവ് കാലി; ലീവ് സറണ്ടര്‍ മരവിപ്പിച്ചത് നീട്ടി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയതോടെ സാമ്പത്തിക സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്.

Update: 2020-07-20 04:30 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനെത്തുടർന്ന് സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച തീരുമാനം മൂന്നു മാസത്തേക്ക് കൂടി നീട്ടി ധനവകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി അടുത്തകാലത്തെങ്ങും മറികടക്കാനാകില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയതോടെ സാമ്പത്തിക സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടർ ആനുകൂല്യം മൂന്നു മാസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. ലാസ്റ്റ് ഗ്രേഡ് , പാർട്ട്‌ടൈം ജീവനക്കാർക്ക് ഈ ഉത്തരവിൽ നിന്ന് ഇളവു നൽകി പിന്നീട് ഉത്തരവിറക്കിയെങ്കിലും മറ്റു ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കാര്യത്തിൽ മാറ്റമുണ്ടായില്ല. ഈ മാസം ഉത്തരവ് പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ.

രണ്ടു മാസത്തോളം നീണ്ട സമ്പൂർണ്ണ ലോക്ക് ഡൗണിനു ശേഷം വിപണിയിൽ നേരിയ തോതിൽ ഉണർവ് പ്രകടമായി വരവെയാണ് സമ്പർക്ക രോഗികളുടെ വ്യാപനം. ഇതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം കേരളത്തിന്റെ തനതു വരുമാനം 12000 കോടി രൂപയായിരുന്നെങ്കിൽ നിലവിൽ ഇതേ കാലയളവിൽ 4200 കോടി രൂപ മാത്രമാണ് തനതു വരുമാനം. സേവന മേഖല നിശ്ചലമായതാണ് പ്രധാന തിരിച്ചടി. ടൂറിസം, ഹോട്ടൽ മേഖല മാസങ്ങളായി നിശ്ചലമാണ്.

സിനിമ അടക്കമുളള വിനോദ വ്യവസായങ്ങളും വൻ പ്രതിസന്ധിയിലാണ്. കൊവിഡ് പ്രതിസന്ധി മറികടക്കാനായി സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയെങ്കിലും കേരളത്തിന് ഇതിന്റെ നേട്ടം കിട്ടിയിട്ടില്ല. കേന്ദ്രവുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച തുടർനടപടികൾക്കായി ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Tags:    

Similar News