കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്.

Update: 2022-09-13 18:29 GMT

കോട്ടയം: കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു. കോട്ടയം ബസേലിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ചരിത്രകാരനുമാണ് അദ്ദേഹം.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ്. 1970 ഡിസംബറില്‍ കോട്ടയം എംഡി സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ.അലക്‌സാണ്ടര്‍ കാരയ്ക്കല്‍ നാല് പതിറ്റാണ്ട് തുടര്‍ച്ചയായി മാനേജിങ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1987ല്‍ നടന്ന മലങ്കര അസോസിയേഷന്‍ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ചു കൊണ്ട് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 'സഭാ വത്സലന്‍' ബഹുമതി നല്‍കി ആദരിച്ചു. 2002 മുതല്‍ 2007 വരെ അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

തിരുവല്ല മാര്‍ത്തോമാ കോളജ് യൂനിയന്‍ സ്പീക്കറായായി പൊതുജീവിതം തുടങ്ങിയ ഡോ.അലക്‌സാണ്ടര്‍ കാരയ്ക്കല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും അമേരിക്കയിലെ പ്രിന്‍സ്ടണ്‍ യൂനിവേഴ്‌സിറ്റിയിലുമാണ് ഉപരിപഠനം നടത്തിയത്. വാഗ്മിക്കുള്ള സചിവോത്തമ ഗോള്‍ഡ് മെഡല്‍, ചന്ദ്രശേഖരമെഡല്‍, ടാഗോര്‍ ശതാബ്ദി ഗോള്‍ഡ് മെഡല്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

1980കളില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയ അലക്‌സാണ്ടര്‍ കാരയ്ക്കലിന് 1993 മേയ് മാസത്തില്‍ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനുള്ള യുഎസ് സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു.

Similar News