അനസിനും തുളസിക്കും ജി വി രാജ പുരസ്‌കാരം
മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
തിരുവനന്തപുരം: ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അത്ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയും മികച്ച താരങ്ങളായി. പുരുഷ താരങ്ങളില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിമെഡലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലിലെത്തിയതും അടക്കമുള്ള പ്രകടനമാണ് മുഹമ്മദ് അനസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. വനിതകളില്‍ ഏഷ്യന്‍ ഗെയിംസ് വെങ്കല നേട്ടമാണ് പി സി തുളസിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇരുവര്‍ക്കും മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പരിശീലകന്‍ ടിപി ഔസേഫിനാണ് ഒളിമ്പ്യന്‍ സുരേഷ് ബാബു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് അടക്കമുള്ളവരുടെ പരിശീലകനായിരുന്നു. ഫുട്‌ബോള്‍ കോച്ച് സജീവന്‍ ബാലനാണ് മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.