സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു
എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ എന്‍ഫോഴ്സ്മെന്റിന് സ്വമേധയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുക്കാനാകും.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു. എന്‍ഐഎ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ എന്‍ഫോഴ്സ്മെന്റിന് സ്വമേധയാ കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുക്കാനാകും. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഇനി ഇ.ഡിക്ക് കഴിയും. ഈ നിലയിലാണ് ഇഡിയുടെ ഇടപെടല്‍
ഇഡി കൊച്ചി സോണല്‍ ഓഫീസ് പ്രാഥമിക കേസ് രജിസറ്റര്‍ ചെയ്തു. ഇ.ഡി നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരമാണ് പ്രാഥമിക കേസ് രജിസറ്റര്‍ ചെയ്തത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) നിയമപ്രകാരമാണ് ഇ.ഡി പ്രാഥമികമായി കേസ് ഫയല്‍ തുറന്നത്. വിദേശ രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ.ഡി വിഭാഗം തുറക്കുന്ന ഇത്തരം ഫയലുകള്‍ക്ക് ടി-വണ്‍ ഫയല്‍ എന്നാണ് വിളിക്കുന്നത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ടി-വണ്‍ ഫയലാണ് ഇ.ഡി തുറന്നിട്ടുള്ളത്.
ഈ ഘട്ടത്തില്‍ സാക്ഷികളെയോ പ്രതികളെയോ വിളിച്ച് വരുത്തുകയോ തെളിവെടുക്കുകയോ ചെയ്യാറില്ല. വിവര ശേഖരണം മാത്രമാണ് ഈ ഘട്ടത്തില്‍ നടക്കുക. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. ഈ ഘട്ടത്തില്‍ ഇ.ഡി ഓപ്പണ്‍ ചെയ്യുന്നത് ടി-ത്രീ ഫയലാണ്. ഈ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ സാക്ഷികളെയും പ്രതികളെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് ഇറക്കുകയും ചെയ്യും. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ യുഎപിഎ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് വിശദമായ അന്വേഷണം അഥവാ ടി-ത്രീ ഫയല്‍ ഓപ്പണ്‍ ചെയ്യുന്നതിന് തടസമില്ല. കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കണ്ടെത്താനാകുന്നില്ലെങ്കില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന നടപടികളിലേക്കും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നീങ്ങുമെന്ന് സൂചനയുണ്ട്.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളും ഹവാല ഇടപാടുകളും അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടട്രേറ്റ്