സാമ്പത്തിക പ്രതിസന്ധിക്കിടെ വനിത കമ്മീഷന്റെ മന്ദിരം മോടിപിടിപ്പിക്കാന്‍ 75 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍
ഓഫീസിന്റെ ഇന്റീരിയര്‍ ജോലികള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയില്‍ വനിത കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാന്‍ 75 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍. കൊവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ ഏഴാം നിലയിലാണ് വനിത കമ്മീഷന് പുതിയ ആസ്ഥാനം ഒരുങ്ങുന്നത്.
ഓഫീസിന്റെ ഇന്റീരിയര്‍ ജോലികള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിച്ചു. തുടര്‍ന്നാണ് പുതിയ പ്രപ്പോസല്‍ പ്രകാരം 75 ലക്ഷം രൂപ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവുകള്‍ ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍ പുതിയ ഫര്‍ണിച്ചറുകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് നില നില്‍ക്കുമ്പോഴാണ് വനിത കമ്മീഷന്റെ പുതിയ ആസ്ഥാന മന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.