യുത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ കേസ്: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി
കേസില്‍ നിലവിലെ അന്വേഷണ പുരോഗതി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപോര്‍ട്ട് തേടി. കേസില്‍ നിലവിലെ അന്വേഷണ പുരോഗതി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഗവര്‍ണറെ നേരില്‍ക്കണ്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. മരിച്ച യുവാക്കളുടെ കുടുംബത്തിന്റെ അവസ്ഥയും പ്രതികളുടെ അറസ്റ്റ് വൈകുന്നതും ചെന്നിത്തല ഗവര്‍ണറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കഴിഞ്ഞ എട്ടുമാസമായി നോര്‍ത്ത് സോണ്‍ എഡിജിപിയുടെ പദവി ഒഴിഞ്ഞുകിടക്കുകയാണെന്നും കാസര്‍കോഡ് ജില്ലയിലെ നിയമപാലനത്തെ ഇതു ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപോര്‍ട്ട് തേടിയത്.