കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീടും വാഹനങ്ങളും തകർത്തു, വീട്ടമ്മയുടെ കഴുത്തിൽ വാള്‍ വച്ച് ഭീഷണി
തിങ്കളാഴ്ച രാത്രിയാണ് നിരവധിക്കേസിലെ പ്രതിയായ കഞ്ചാവ് ഹാഷിം സമീപത്തെ വീടുകളിൽ അതിക്രമം നടത്തിയത്.
തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർകോണത്ത് ഗുണ്ടാ ആക്രമണം. കഞ്ചാവ് കച്ചവടത്തെ കുറിച്ച് പോലിസിന് വിവരം നൽകിയ അയൽവാസികളുടെ വീടും കാറുമാണ് കഞ്ചാവ് കേസിലെ പ്രതി ഹാഷിം തല്ലിതർത്തത്. ടെക്നോ നഗരമായ കഴക്കൂട്ടം വീണ്ടും ഗുണ്ടസംഘങ്ങളുടെ താവളമാകുന്നു.
തിങ്കളാഴ്ച രാത്രിയാണ് നിരവധിക്കേസിലെ പ്രതിയായ കഞ്ചാവ് ഹാഷിം സമീപത്തെ വീടുകളിൽ അതിക്രമം നടത്തിയത്. ഹാഷിമിൻെറ ഗുണ്ടാ പ്രവർത്തനങ്ങളെ കുറിച്ച് നാട്ടുകാർ പോലിസിനെ അറിയിച്ചുവെന്നാരോപിച്ചാണ് അയൽവാസിയായ റംലബീവിയുടെ വീട്ടിൽ കയറി ആയുധം കാട്ടി ഭീഷണിപ്പെടുത്തി. മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റംലാബീവി പറയുന്നു.
തിരികെ പോയ ആക്രമ സംഘം അർധരാത്രിയോടെ തിരികെയെത്തി. റംലബീവിയുടെതുള്‍പ്പെടെ മൂന്നു വീട് അടിച്ചു തർത്തു. മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു കാറും തർത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. പോലിസിൽ പരാതി നൽകിയതിന് പിന്നാലെയും ഹാഷിം ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ പറയുന്നു.
മുഖ്യപ്രതി ഹാഷിമിന് വേണ്ടി അന്വേഷണം തുടരുകയാണെന്ന് കഴക്കൂട്ടം പോലിസ് പറയുന്നു. കഴക്കൂട്ടം, തുമ്പ പോലിസ് സ്റ്റേഷനുകളിൽ ഹാഷിമിനെതിരെ കേസുണ്ട്.