ഹജ്ജ് എംബാര്‍ക്കേഷന്‍: കോഴിക്കോട് വിമാനത്താവളത്തെ ഉള്‍പ്പെടുത്തണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും- മുഖ്യമന്ത്രി
2020 ആഗസ്തില്‍ നടന്ന വിമാനദുരന്തത്തെത്തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങള്‍ക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തുന്നതിന്റെ ആവശ്യകത വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി വി ഇബ്രാഹിമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിനു പോവുന്നതിനുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി 2002 മുതല്‍ കോഴിക്കോട് വിമാനത്താവളം പ്രവര്‍ത്തിച്ചുവരികയാണ്. 2015ല്‍ റണ്‍വേയുടെ അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയും 2018 വരെ നെടുമ്പാശ്ശേരിയില്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ശ്രമഫലമായി 2019 ല്‍ കോഴിക്കോടിനെ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പരിഗണിച്ചു. 2020 ആഗസ്തില്‍ നടന്ന വിമാനദുരന്തത്തെത്തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങള്‍ക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ കോഴിക്കോട് വിമാനത്താവള ഡയറക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും ഏറ്റവും സൗകര്യപ്രദവും, കൂടുതല്‍ ആളുകള്‍ യാത്ര പുറപ്പെടുന്നതുമായ എംബാര്‍ക്കേഷന്‍ പോയിന്റായ കോഴിക്കോടിനെ എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനമുണ്ടായിട്ടില്ല.
2020 ല്‍ വിമാനത്താവളത്തിലുണ്ടായ അപകടകാരണം കണ്ടെത്തുന്നതിന് നിയോഗിച്ചിട്ടുള്ള Aircraft Accident Investigation Bureau (AAIB) യുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വലിയ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് അന്തര്‍ദേശീയ നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണി യഥാസമയം നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.