ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോടിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം
കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 90 ശതമാനവും മലബാറില്‍നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍നിന്ന് ആകെ 3,000 തീര്‍ത്ഥാടകരുള്ളപ്പോള്‍ മലബാറിലെ മാത്രം യാത്രക്കാരുടെ എണ്ണം 9,000 ല്‍ അധികമാണ്.
കോഴിക്കോട്: 2021 ഹജ്ജ് നയത്തിന്റെ ഭാഗമായി രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായി പ്രഖ്യാപിച്ച പത്ത് കേന്ദ്രങ്ങളില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരില്‍ 90 ശതമാനവും മലബാറില്‍നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍നിന്ന് ആകെ 3,000 തീര്‍ത്ഥാടകരുള്ളപ്പോള്‍ മലബാറിലെ മാത്രം യാത്രക്കാരുടെ എണ്ണം 9,000 ല്‍ അധികമാണ്.
തീര്‍ത്ഥാടകരുടെ സൗകര്യം പരിഗണിച്ചും മണ്‍സൂണില്‍ തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥയും ദുഷ്‌കരമായ യാത്രയും കൊവിഡും തീര്‍ത്ഥാടകരുടെ സുരക്ഷിതത്വവും പരിഗണിച്ച് സ്ഥിരം ഹജ്ജ് ഹൗസ് സംവിധാനത്തെ ഉപയോഗപ്പെടുത്തി ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്. 3,000 ഹജ്ജ് യാത്രക്കാര്‍ക്ക് താമസിക്കാനുള്ള സ്ഥിരം സൗകര്യമുള്ള ഹജ്ജ് ഹൗസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലഭ്യമാണ്. പത്ത് കോടി ചെലവഴിച്ച് കോഴിക്കോട് വനിതാ തീര്‍ത്ഥാടകള്‍ക്കുള്ള സൗകര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്.
സ്ഥിരം സംവിധാനമില്ലാത്ത കൊച്ചി, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷാ കാര്യങ്ങള്‍ പരിഗണിച്ചാല്‍ മാഹി, തമിഴ്‌നാട്, ലക്ഷദ്വീപ്, കേരള എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. രാജ്യത്തെ 16 ഹജ്ജ് ഹൗസുകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥിരം ഹജ്ജ് ഹൗസ് സ്ഥിതിചെയ്യുന്ന കോഴിക്കോടിനെ തഴഞ്ഞ് താല്‍ക്കാലിക സംവിധാനങ്ങള്‍ മാത്രമുള്ള കൊച്ചിയില്‍ അനുവദിച്ച ഹജ്ജ് യാത്രാകേന്ദ്രം കോഴിക്കോട് തന്നെ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഒക്ടോബര്‍ 28 നു ഇന്ത്യയില്‍ മണ്‍സൂണ്‍ അവസാനിച്ചതായി ഇന്ത്യന്‍ മീറ്റീറോളജി ഡിപ്പാര്‍ട്ട്‌മെന്റ് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മണ്‍സൂണ്‍ അവസാനിച്ചാല്‍ ഉടന്‍ കോഴിക്കോട് വിമാനത്താവളത്തിലെ വൈഡ് ബോഡി സര്‍വീസുകള്‍ക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്നാണ് ഉറപ്പ്. ഇത് കണക്കിലെടുത്ത് കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റാക്കുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഡിജിസിഎയ്ക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.
എംബാര്‍ക്കേഷന്‍ പോയിന്റില്‍നിന്ന് കോഴിക്കോടിനെ ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവര്‍ക്ക് എം കെ രാഘവന്‍ എംപി കത്തയച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നത് അനന്തമായി നീണ്ടുപോവുകയാണെങ്കില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ പൊതുജനപിന്തുണയോടെ സമരപരിപാടികളിലേയ്ക്ക് കടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.