തിക്കോടിയില്‍ പോലിസ് ജീപ്പിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബൈക്കില്‍ പുറകില്‍ ഇരിക്കുകയായിരുന്ന ആള്‍ പെട്ടെന്ന് പോലിസ് ജീപ്പിന് നേരെ എറിയുകയായിരുന്നു. സംഭവം ശ്രദ്ദയില്‍ പെട്ട ഉടനെ ജീപ്പ് വെട്ടിച്ചതിനാല്‍ എസ്‌ഐ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പയ്യോളി: സംഘപരിവാര്‍ ഹര്‍ത്താലിനിടെ പോലിസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിക്കോടി ശങ്കരനിലയം ധനീഷ് (32) ആണ് പിടിയിലായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തിക്കോടി പാലൂരില്‍ വെച്ചാണ് പയ്യോളി എസ്‌ഐ എ കെ സജീഷ് സഞ്ചരിച്ച പോലീസ് ജീപ്പിന് നേരെ കല്ലേറ് ഉണ്ടായത്. പോലീസ് ജീപ്പ് െ്രെഡവര്‍ വടകര മാക്കൂല്‍പീടിക സ്വദേശി പി.പി. ഷനൂജിന് ചില്ല് തകര്‍ന്ന് കൈക്കും മുഖത്തും പരിക്കേറ്റിരുന്നു.
ഡിസംബര്‍ മൂന്നിന് രാവിലെ ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐയും സംഘവും പയ്യോളി ഭാഗത്തേക്ക് വരുന്നതിനിടയില്‍ കൊയിലാണ്ടി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഹര്‍ത്താല്‍ അനുകൂലികളാണ് കല്ലെറിഞ്ഞത്. ബൈക്കില്‍ പുറകില്‍ ഇരിക്കുകയായിരുന്ന ആള്‍ പെട്ടെന്ന് പോലിസ് ജീപ്പിന് നേരെ എറിയുകയായിരുന്നു. സംഭവം ശ്രദ്ദയില്‍ പെട്ട ഉടനെ ജീപ്പ് വെട്ടിച്ചതിനാല്‍ എസ്‌ഐ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ജീപ്പ് തിരിച്ച് പോലീസ് ഇവരെ പിന്തുടര്‍ന്നെകിലും അക്രമി സംഘം ഇടവഴിയിലൂടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ പിടിയിയായ പ്രതി ബൈക്ക് ഓടിച്ചയാളാണ്. പുറകില്‍ യാത്ര ചെയ്ത ആള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.