പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാലുള്ള പരാമര്‍ശം നടത്തിയത്.എന്നാല്‍ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലിസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട്.അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാക്കാലുള്ള പരാമര്‍ശം നടത്തിയത്.എന്നാല്‍ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായ വ്യക്തിപരമായ വീഴ്ചയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ വേനലവധിക്കു ശേഷം പരിഗണിക്കാനായി കോടതി മാറ്റി
കേസില്‍ പിങ്ക് പോലിസിന്റെ പരസ്യ വിചാരണ നേരിട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. പിങ്ക് പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരായാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.പോലിസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് അപ്പീലിലെ പ്രധാന വാദം.
തിരുവനന്തപുരം ആറ്റിങ്ങലിലാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പോലിസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവമുണ്ടായത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. അതേസമയം മൊബൈല്‍ ഫോണ്‍ പോലിസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടി ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.പോലിസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നതോടെ പോലിസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയെങ്കിയും പെണ്‍കുട്ടിയും വീട്ടുകാരും ഇത് അംഗീകരിച്ചിരുന്നില്ല.