അതിവേഗ റെയില്‍പാത: ജനങ്ങളുടെ ആശങ്കയകറ്റുക- എസ്ഡിപിഐ
കേന്ദ്രാനുമതി കാത്തുനില്‍ക്കുന്ന ഈ പദ്ധതി 2025 ഓടെ പൂര്‍ത്തീകരിക്കപ്പെടാനാണ് സാധ്യത. ഈ പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ സര്‍വേ കല്ലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
കൊയിലാണ്ടി: തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡേക്ക് നാലുമണിക്കൂര്‍കൊണ്ടെത്തുന്ന പുതിയ അതിവേഗപാത സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ പാത നിലവിലെ റെയിലിന് സമാന്തരമായി വന്ന് നന്തിയില്‍നിന്നും ചിങ്ങപുരം, പള്ളിക്കര കിഴൂര്‍ വഴി ജനവാസമേഖലയിലൂടെയും വയല്‍പ്പാടങ്ങളിലൂടെയും കടന്നുപോവുകയും പിന്നീട് മടപ്പള്ളിയില്‍ വെച്ച് നിലവിലെ റെയിലിന് സമാന്തരമായി കൂടിച്ചേരുന്ന അലൈന്‍മെന്റ് പ്രദേശവാസികളില്‍ ആശങ്കയുളവായിട്ടുണ്ട്.
കേന്ദ്രാനുമതി കാത്തുനില്‍ക്കുന്ന ഈ പദ്ധതി 2025 ഓടെ പൂര്‍ത്തീകരിക്കപ്പെടാനാണ് സാധ്യത. ഈ പ്രദേശങ്ങളിലെ ചിലയിടങ്ങളില്‍ സര്‍വേ കല്ലുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് അധികൃതരില്‍നിന്നും കൃത്യമായ വിവരം ലഭിക്കാത്തതും മറ്റും കാരണം പ്രദേശവാസികളിലുണ്ടായിട്ടുള്ള ആശങ്കകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന മീറ്റിങ്ങില്‍ ഫൈസല്‍ കാവുംവട്ടം അധ്യക്ഷത വഹിച്ചു. റിയാസ് പയ്യോളി, ജലീല്‍, അഷ്റഫ് ചിറ്റാരി എന്നിവര്‍ സംസാരിച്ചു.