ഹിജാബ് നിരോധനം; മൗലികാവകാശ നിഷേധം- ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം
ഇസ്‌ലാം അനുശാസിക്കുന്ന ജീവിത വ്യവസ്ഥ അവലംബിക്കുന്നവരെ ഉന്നത വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും നിഷേധിച്ച് ഒറ്റപ്പെടുത്തുന്നതിനുളള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് ബിജെപി സര്‍ക്കാര്‍ തീരുമാനം.
തിരുവനന്തപുരം: കലാലയങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് മൗലികാവകാശ നിഷേധവും മതേതര മൂല്യങ്ങള്‍ക്ക് നേരെയുളള കടന്നാക്രമണവുമാണെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സ്റ്റിയറിങ് കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഇസ്‌ലാം അനുശാസിക്കുന്ന ജീവിത വ്യവസ്ഥ അവലംബിക്കുന്നവരെ ഉന്നത വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും നിഷേധിച്ച് ഒറ്റപ്പെടുത്തുന്നതിനുളള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ് ബിജെപി സര്‍ക്കാര്‍ തീരുമാനം.
സ്ത്രീ സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുളളതാണെന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന വിവരക്കേടും അദ്ദേഹം പുലര്‍ത്തുന്ന ചിന്താ വൈകൃതത്തിന്റെ ബഹിര്‍ സ്ഫുരണവുമാണ്.
മീഡിയാവണ്‍ ചാനല്‍ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ യോഗം അപലപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ ഓരോന്നായി തകര്‍ത്ത് ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിലേക്ക് രാജ്യത്തെ തളളി വീഴ്ത്താനുളള കുടില തന്ത്രങ്ങളുടെ ഭാഗമാണ് മീഡിയാവണ്‍ നിരോധനമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. മണക്കാട് വലിയ പളളി ചീഫ് ഇമാം ഇ പി അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു.ഖാസി എ ആബിദ് മൗലവി, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം അബ്ദുല്‍ ജലീല്‍ മൗലവി, പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, ഹാഫിസ് സുലൈമാന്‍ മൗലവി, എന്‍.എം ഇസ്മായീല്‍ മൗലവി, മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, മൗലവി ദാക്കിര്‍ ഹുസൈന്‍ അല്‍ കൗസരി തുടങ്ങിയവര്‍ സംസാരിച്ചു.