മൽസ്യത്തൊഴിലാളിക്കെതിരേ കള്ളക്കേസ്: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
വെള്ളയില്‍ പോലിസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെപെക്ടര്‍ക്കെതിരേ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
കോഴിക്കോട്: ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ ബൈക്കിന് പിന്നിലിരുന്ന മത്സ്യ തൊഴിലാളിയെ കള്ളക്കേസില്‍ കുരുക്കിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വെള്ളയില്‍ പോലിസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെപെക്ടര്‍ക്കെതിരേ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. പുതിയാപ്പ സ്വദേശി ബി അദ്‌വേഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സെപ്തംബര്‍ ഒന്നിനാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. തന്റെ സ്ഥലപേര് കേട്ടപ്പോഴാണ് എസ് ഐ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്നാണ് വ്യവസ്ഥ. എസ്‌ഐക്കെതിരേ അന്വേഷണം നടത്തി തന്റെ നിരപരാധിത്തം തെളിയിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.