ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

Update: 2024-08-23 06:24 GMT

കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും. മലയാള സിനിമാ മേഖലയില്‍ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് പറഞ്ഞു. ഇവ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും സ്വീകരിക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്ന് കെ ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂര്‍ സ്വദേശി വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സിനിമ - സാംസ്‌ക്കാരിക മന്ത്രിക്കും കത്ത് നല്‍കി. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.





Tags:    

Similar News