ഹൈദരലി തങ്ങളുടെ വിയോഗം സമുദായത്തിന് വലിയ നഷ്ടം: പികെ കുഞ്ഞാലിക്കുട്ടി

സ്വാത്വികനായിരുന്നു, മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുഴുകിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തങ്ങളുടെ മരണം സമുദായത്തിന് വലിയ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Update: 2022-03-06 14:45 GMT

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ മുതല്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഇന്ന് രാവിലെ കുറച്ച് മെച്ചപ്പെട്ടു. തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പം തൊട്ടുള്ള ബന്ധമാണ്. ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ഞങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ സൗമ്യനായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയപ്പെട്ടിരുന്നത്. സ്വാത്വികനായിരുന്നു, മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ മുഴുകിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തങ്ങളുടെ മരണം സമുദായത്തിന് വലിയ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടന്ന് ചികിത്സയിലിരിക്കവെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഹൈദരലി തങ്ങള്‍. തുടര്‍ന്ന് ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. കേരളീയ രാഷ്ട്രീയസാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍.

നാളെ രാവിലെ 9മണിക്കാണ് ഖബറടക്കം.

Similar News