അതിമാരക ലഹരി മരുന്നുമായി ഇരിക്കൂര്‍ സ്വദേശി അറസ്റ്റില്‍
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദേവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കണ്ണൂര്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ യുവാക്കളെ ലക്ഷ്യമിട്ട് കടത്തിക്കൊണ്ടുവന്ന അതിമാരക ലഹരി മരുന്നുമായി ഇരിക്കൂര്‍ സ്വദേശി അറസ്റ്റിലായി. അതിമാരക ലഹരി മരുന്നായ ഒമ്പത് ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റാമിനുമായി ഇരിക്കൂര്‍ നിടുവള്ളൂര്‍ പള്ളിക്ക് സമീപം കെ ആര്‍ സാജിദ് (34) നെയാണ് കെഎല്‍- 59 എ 3728 ബൈക്ക് സഹിതം അറസ്റ്റുചെയ്തത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുദേവന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്.
മോളി, എക്റ്റസി, എം എന്നീ പേരിലാണ് ഈ ലഹരിമരുന്ന് അറിയപ്പെടുന്നത്. ഒരുമാസം മുമ്പ് കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഒരുമാസമായി ഇരിക്കൂര്‍ ടൗണും പരിസരവും എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ഷാഡോ ടീമിന്റെയും രഹസ്യനിരീക്ഷണത്തിലായിരുന്നു. ഇതില്‍ ഡയാനോമിസ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് രാത്രി രണ്ടുമണി വരെയും യുവാക്കള്‍ ലഹരി തേടിയെത്തുന്നത് കൃത്യമായി മനസ്സിലാക്കുകയും പുതുവര്‍ഷ രാത്രിയാഘോഷിക്കുന്നതിന് ലഹരി ആവശ്യക്കാരായ യുവാക്കളുടെ എണ്ണമെടുത്ത് ആവശ്യാനുസരണം ലഹരി വിതരണത്തിന് തയ്യാറെടുത്തപ്പോഴാണ് ഇയാള്‍ എക്‌സൈസിന്റെ വലയിലകപ്പെട്ടത്. വെറും രണ്ട് ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ പത്തുവര്‍ഷംവരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
പിടിയിലായ സാജിദ് മുമ്പും നിരവധി ക്രിമിനല്‍ കേസിലുള്‍പ്പെട്ട പ്രതിയാണ്. പാര്‍ട്ടിയില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി കെ ബിജു, സജിത്ത് കണ്ണിച്ചി, പി സി പ്രഭുനാഥ്, കെ ഇസ്മയില്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, എക്‌സൈസ് ഷാഡോ കെ ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ ഇരിക്കൂറിലെ ലഹരിക്കച്ചവടക്കാരെയും ആവശ്യക്കാരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ ഒന്നാം തിയ്യതി രാവിലെ കണ്ണൂര്‍ ജൂഡീഷ്യല്‍ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.