സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വേസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

സ്‌പോര്‍ടിങ് ഗിഹോണില്‍നിന്നാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 2022 മെയ് 31വരെ ക്ലബ്ബില്‍ തുടരും.

Update: 2021-08-30 15:02 GMT

കൊച്ചി: സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വേസ് ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കും. സ്‌പോര്‍ടിങ് ഗിഹോണില്‍നിന്നാണ് താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 2022 മെയ് 31വരെ ക്ലബ്ബില്‍ തുടരും.ബാഴ്‌സലോണയില്‍ ജനിച്ച ഈ മുപ്പതുകാരന്‍ ഫുട്‌ബോള്‍ ജീവിതം തുടങ്ങുന്നത് ആര്‍സിഡി എസ്പാന്യോളിലാണ്. 2005ല്‍ അവരുടെ യൂത്ത് അക്കാദമി താരമായിരുന്നു. നാല് വര്‍ഷത്തിനുശേഷം സീനിയര്‍ തലത്തില്‍ അരങ്ങേറി. ആ വര്‍ഷംതന്നെ എസ്പാന്യോളിനായി സ്പാനിഷ് ലീഗിലും അരങ്ങേറ്റം കുറിച്ചു.

2012ല്‍ ഗെറ്റഫെ സിഎഫില്‍ ചേര്‍ന്നു. പിന്നീട് സ്വാന്‍സീ സിറ്റിയില്‍ വായ്പാടിസ്ഥാനിലെത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും അരങ്ങേറി. തുടര്‍ന്ന് ആദ്യ ക്ലബ്ബായ എസ്പാന്യോളിലേക്ക് തിരിച്ചെത്തി. നാല് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഈ കാലയളവില്‍ ജിംനാസ്റ്റിക് ഡി ടറഗോണ, റയല്‍ സരഗോസ എന്നീ ക്ലബ്ബുകള്‍ക്കായി സെഗുണ്ട ഡിവിഷനിലും കളിച്ചു. 2019ല്‍ സ്‌പോര്‍ടിങ് ഗിഹോണുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു.2011ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ സ്‌പെയ്‌നിനായും കളിച്ചു. അഞ്ച് ഗോള്‍ ആ ലോകകപ്പില്‍ നേടി. പ്രീമിയര്‍ ലീഗില്‍ 12ഉം സ്പാനിഷ് ലീഗില്‍ 150ല്‍ കൂടുതലും മത്സരങ്ങളില്‍ ഇറങ്ങി.

അല്‍വാരോയെപ്പോലുള്ള വമ്പന്‍ താരങ്ങള്‍ ഒപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. 'അല്‍വാരോ തങ്ങളുടെ കുടുംബത്തില്‍ ചേരുന്നത് ആവേശകരമാണ്. അദ്ദേഹത്തിന്റെ കളി മികവും ഊര്‍ജവും നായക ഗുണവും ടീമിന് ശക്തി പകരുമെന്നും സ്‌കിന്‍കിസ് പറഞ്ഞു.ഫുട്‌ബോള്‍ ജീവിതത്തിലെ പുതിയ ഘട്ടമാണ് ഇതെന്ന് അല്‍വാരോ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഫുട്‌ബോളിനെക്കുറിച്ചും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കളത്തിനകത്തും പുറത്തും ടീമിന് വേണ്ടി മികവുകാട്ടുമെന്നും അല്‍വാരോ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News