ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഎം- സിപിഐ ചർച്ച ഇന്ന്
തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയത്തെ സീറ്റുകൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും.
തിരുവനന്തപുരം: ജോസ് കെ മാണി എൽഡിഎഫിനോട് അടുത്ത സാഹചര്യത്തിൽ ഇന്ന് സിപിഎം- സിപിഐ ചർച്ച. ഇടത് മുന്നണി യോഗത്തിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. എകെജി സെന്‍ററിൽ ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച. ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് അടിയന്തര കൂടിക്കാഴ്ച.
തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയത്തെ സീറ്റുകൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തും. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിക്കായും ജോസ് കെ മാണി ആവശ്യമുന്നയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുന്ന പക്ഷം സിപിഐക്ക് മറ്റൊരു സീറ്റ് നൽകേണ്ടിവരും. എന്നാൽ ഇതിനോട് സിപിഐ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. സീറ്റുകളുടെ കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ഇടതുമുന്നണി യോഗത്തിന് മുമ്പ് തന്നെ ഒരു ധാരണയിലെത്താനാണ് സിപിഎം ശ്രമിക്കുന്നത്.