കെ റെയില്‍ സമരമുഖത്ത് കുട്ടികളെ കവചമാക്കുന്നുവെന്ന്; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ കുട്ടികളെ അണിനിരത്തുന്നതിനെതിരേ ബാലാവകാശ കമ്മീഷന്‍. സംഘര്‍ഷസാധ്യതയുള്ള സമരങ്ങളില്‍ കുട്ടികളെ കവചമാക്കുന്നുവെന്നാരോപിച്ച് കമ്മീഷന്‍ കേസെടുത്തു. പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളില്‍ കുട്ടികളെ കൂട്ടി സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നത് സംബന്ധിച്ചും കമ്മീഷനു ലഭിച്ച പരാതിയിലാണ് ചെയര്‍പേഴ്‌സന്‍ കെ വി മനോജ്കുമാര്‍ കേസെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇതെക്കുറിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലിസ് മേധാവിക്കും കോട്ടയം ജില്ലാ പോലിസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ത്രീകളെയും കുട്ടികളെയും പോലിസ് മര്‍ദ്ദിച്ചുവെന്ന് നേരത്തെ പ്രതിപക്ഷം വിമര്‍ശനനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചില്‍ താലൂക്കുകളില്‍ നിന്നായി 272 ഏക്കറോളം ഭൂമിയാണ് കെ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മേഖലകളിലേയ്‌ക്കെല്ലാം സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ നീക്കം.