ദുരൂഹതകള്‍ ബാക്കിയാക്കി കലാഭവന്‍ മണിയുടെ മൂന്നാം ശ്രാദ്ധം
2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല.
ചാലക്കുടി: സിബിഐ അന്വേഷണവും വഴിമുട്ടിയതോടെ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം. സിനിമാലോകത്ത് തിളങ്ങി നില്‍ക്കേ അപ്രതീക്ഷിത മരണത്തിന്റെ കാരണം മൂന്ന് വര്‍ഷമെത്തിയിട്ടും കണ്ടെത്താനായില്ല. 2016 മാര്‍ച്ച് ആറിനാണ് മണി മരിച്ചത്.
പാഡിയില്‍ കുഴഞ്ഞു വീണ മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ദുരൂഹതയുണ്ടെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നു. മദ്യവും വിഷാംശവും കണ്ടെത്തിയതിലുയര്‍ന്ന സംശയത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല.
2017 ല്‍ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇതുവരെയും കിട്ടിയിട്ടില്ല. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കലാഭവന്‍ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹം മരണത്തിന് കീഴടങ്ങി. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് മണിയുടേത് കൊലപാതകമാണെന്ന ആരോപണം ആദ്യമുന്നയിച്ചത്.
ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയത് ദുരൂഹതയ്ക്ക് ബലം കൂട്ടി.സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും കിട്ടിയില്ല. ഇതോടെയാണ് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സിബിഐ അന്വേഷണം തുടങ്ങിയത്.