രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍
ഒറീസയില്‍ നിന്നും 4,000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങുന്ന പ്രതി ഏകദേശം 50,000 രൂപയ്ക്കാണ് കൊച്ചിയില്‍ വില്‍പന നടത്തിയിരുന്നത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. ട്രെയിനില്‍ എത്തിയ പ്രതി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം സംഘത്തിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്ന സമയത്താണ് പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: രണ്ടു കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശി അറസ്റ്റില്‍.ഒറീസ സ്വദേശി ജിത്തു നായിക്ക് (58) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.ഇതരസംസ്ഥാനങ്ങളില്‍ നിന്നും തീവണ്ടി മാര്‍ഗം മയക്കുമരുന്നുകള്‍ സംസ്ഥാനത്തേയ്ക്ക് വില്‍പ്പനയ്ക്കായി എത്തിക്കുന്നുവെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലിസ്, ഷാഡോ പോലീസ്, പ്രത്യേക പോലിസ് ടീം ഡാന്‍സാഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇയാള്‍ പിടിയിലായത്.ഒറീസയില്‍ നിന്നും 4,000 രൂപയ്ക്ക് ഒരു കിലോ കഞ്ചാവ് വാങ്ങുന്ന പ്രതി ഏകദേശം 50,000 രൂപയ്ക്കാണ് കൊച്ചിയില്‍ വില്‍പന നടത്തിയിരുന്നത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന.
ട്രെയിനില്‍ എത്തിയ പ്രതി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം സംഘത്തിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്ന സമയത്താണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി നഗരത്തിലെ വിവിധ റിസോര്‍ട്ടുകളില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും പ്രതി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. നഗരത്തിലെ അവധിക്കാല ഡിജെ പാര്‍ട്ടികള്‍ ഇവരുടെ പ്രധാന മേഖലയാണെന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അവധിക്കാലത്ത് വീടുകളില്‍ പോകാതെ കോളജ് ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികളേയും ഇവര്‍ ലക്ഷ്യമിടുന്നു. നോര്‍ത്ത് പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കണ്ണന്‍, സബ് ഇന്‍സ്പെക്ടര്‍ അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എ എസ് ഐ സന്തോഷ്, സിപിഒമാരായ ഗിരീഷ് ബാബു, ഫെബിന്‍, വിബിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.