സര്‍വകലാശാല വിവാദം: മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനം; രാജി വയ്ക്കണമെന്ന് ചെന്നിത്തല
പ്രോ ചാന്‍സിലര്‍ക്ക് ഏത് നിയമ പ്രകാരമാണ് ഇങ്ങനെയൊരു വൈസ് ചാന്‍സിലറെ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്ത് എഴുതാന്‍ കഴിയുന്നത്. ഇത്തരമൊരു കത്ത് എഴുതാന്‍ എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്.
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് പുറത്ത് വന്നതോടെ രാജി ആവശ്യവുമായി കോണ്‍ഗ്രസ്. കത്തിലൂടെ തെളിവായിരിക്കുന്നത് മന്ത്രിയുടെ അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു.
"പ്രോ ചാന്‍സിലര്‍ക്ക് ഏത് നിയമ പ്രകാരമാണ് ഇങ്ങനെയൊരു വൈസ് ചാന്‍സിലറെ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് കത്ത് എഴുതാന്‍ കഴിയുന്നത്. ഇത്തരമൊരു കത്ത് എഴുതാന്‍ എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്. ഇത് സത്യപ്രതിജ്ഞാ ലംഘനമല്ലെങ്കില്‍ എന്താണ്. മന്ത്രി ഇവിടെ ഇല്ലാത്ത അധികാരം ഉപയോഗിച്ചിരിക്കുകയാണ്," ചെന്നിത്തല വ്യക്തമാക്കി.
"ഇത്തരം അഴിമതി കാണിക്കുന്ന മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. മന്ത്രി ആര്‍. ബിന്ദു നാളെ രാവിലെ തന്റെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. കേരളത്തിലെ ഒരു ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇത്രയും വലിയ അഴിമതിയോ സ്വജനപക്ഷപാതമോ കാണിച്ച ചരിത്രമില്ല. ഇത് സംബന്ധിച്ച് ലോകായുക്തയ്ക്ക് പരാതി കൊടുക്കും," ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം സംബന്ധിച്ച് രണ്ട് കത്തുകളാണ് ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ മികവ് മുന്നോട്ട് പോകുന്നതിന് പുനര്‍നിയമനം ആവശ്യമാണെന്ന് മന്ത്രി കത്തില്‍ പറയുന്നു. പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.