കരിപ്പൂര്‍ വിമാനത്താവള റണ്‍വെ വികസനം: പുതിയ മാസ്റ്റര്‍പ്ലാനുമായി മലബാര്‍ ഡവലപ്പ് മെന്റ് ഫോറം
റണ്‍വെയുടെ നീളം നിലവിലുള്ള 2,700 മീറ്ററില്‍നിന്നും 3,200 മീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള പുതിയ മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനും പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി വെങ്കിടേഷ് എംപിക്കും സമര്‍പ്പിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെയുടെ നീളം നിലവിലുള്ള 2,700 മീറ്ററില്‍നിന്നും 3,200 മീറ്ററാക്കി വര്‍ധിപ്പിക്കാനുള്ള പുതിയ മാസ്റ്റര്‍പ്ലാന്‍ നിര്‍ദേശം മലബാര്‍ ഡവലപ്പ്മെന്റ് ഫോറം കേന്ദ്രസര്‍ക്കാരിനും പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജി വെങ്കിടേഷ് എംപിക്കും സമര്‍പ്പിച്ചു. നിലവിലെ കിഴക്കുഭാഗത്ത് റണ്‍വെ നമ്പര്‍ 28 ല്‍നിന്നും ബന്ധിപ്പിച്ച് 500 മീറ്റര്‍ റണ്‍വെ നീളം കൂട്ടാന്‍ 22 ഏക്കര്‍ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടതുള്ളൂ. 780 മീറ്റര്‍ നീളത്തിലും 108 മീറ്റര്‍ വീതിയിലുമുള്ള 68 ഏക്കര്‍ ഭൂമി റണ്‍വെ 28 നോട് അനുബന്ധമായി നീളത്തില്‍ ഉപയോഗശൂന്യമായി വ്യാപിച്ചുകിടക്കുകയാണ്. ഈ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണ്.
പ്രസ്തുത ഭൂമിയുടെ ഇരുവശത്തും താമസിക്കുന്ന ഏതാനും കുടുംബങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി 22 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ ഇന്ത്യയിലെ തന്നെ മികച്ച റണ്‍വെ ആയി കരിപ്പൂരിനെ മാറ്റാന്‍ കഴിയും. നിലവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കാവശ്യമായ ഐസിഎഒ 9981 നിയമപ്രകാരമുള്ള എല്ലാ സാങ്കേതികമികവുകളുമുണ്ട്. എങ്കിലും നിലവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന 68 ഏക്കര്‍ ഭൂമിയുടെ ഒപ്പം 22 ഏക്കര്‍കൂടി ഏറ്റെടുത്താല്‍ നിലവിലുള്ള റണ്‍വെ 28 നെ ബന്ധിപ്പിച്ച് ഇരുഭാഗങ്ങളിലും 140 മീറ്റര്‍ വിതം വീതിയിലും അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള റണ്‍വെയുടെ ഇരുവശങ്ങളിലായി 75 മീറ്റര്‍ വീതം റണ്‍വെ സ്ട്രിപ്പുകളും 240 മീറ്റര്‍ റണ്‍വെ എന്റ് സേഫ്റ്റി ഏരിയ (രിസ)യും സ്ഥാപിക്കാന്‍ സാധിക്കും. ഇതിനായി കണ്ണൂര്‍ മാതൃകയില്‍ ഭൂമി ഏറ്റെടുക്കാനും മണ്ണും കല്ലും കരിപ്പൂരിന് നല്‍കാനും കേരളസര്‍ക്കാര്‍ മുന്നോട്ടുവരണം.
കണ്ണൂരിന് ഭൂമിയും മണ്ണും കല്ലും വളരെ എളുപ്പത്തില്‍ സാധ്യമാക്കിയാണ് കേരള സര്‍ക്കാര്‍ റണ്‍വെ ഉയരത്തില്‍ സ്ഥാപിച്ചത്. കരിപ്പൂരിനേക്കാളും ഉയര്‍ന്ന ടേബിള്‍ ടോപ്പ് മണ്ണിട്ടുനികത്തി കേരള സര്‍ക്കാര്‍ കണ്ണൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. കരിപ്പൂരിലും കണ്ണൂര്‍ മാതൃകയില്‍ വികസനം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ബേപ്പൂര്‍ തുറമുഖം 50 കോടി ചെലവിട്ട് ആഴംകൂട്ടാനുള്ള പദ്ധതി കേരള സര്‍ക്കാര്‍ ആലോചനയിലാണ്. ബേപ്പൂര്‍ പോര്‍ട്ടിന്റെ ആഴം കൂട്ടുമ്പോള്‍ ലഭ്യമാവുന്ന 1000 കണക്കിന് ലോഡ് മണ്ണ് നിക്ഷേപിക്കാനുള്ള സ്ഥലത്തിനുവേണ്ടി പോര്‍ട്ട് അധികൃതര്‍ ആലോചനയിലാണ്. ഇവിടെ ലഭ്യമാവുന്ന മണ്ണ് റണ്‍വെ വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കണം.
കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അഡ്വ.ഷെണായ് കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ എതിര്‍കക്ഷിയായി എംഡിഎഫ് കേസ് കൊടുത്തിട്ടുണ്ട്. കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. മുഹമ്മദ് ഷാ എംഡിഎഫിന് വേണ്ടി കേസ് വാദിക്കും. കരിപ്പൂര്‍ വിമാനത്താവളം അടച്ചുപൂട്ടുകയെന്ന കരിപ്പൂര്‍ വിരുദ്ധ ലോബിയുടെ ഗൂഢാലോചന മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ കാണുന്നത്. അതിനെ ശക്തമായി നേരിടുമെന്നും മലബാര്‍ ഡവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍, വൈസ് പ്രസിഡന്റുമാരായ എന്‍ജി: ജോയ് ജോസഫ്, ബീന നാരായണന്‍, സെക്രട്ടറി ഫസലാ ഭാനു, ആക്ടിങ് ജന: സെക്രട്ടറി കെ എം രമേശ് കുമാര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഷെയ്ക്ക് ഷാഹിദ് എന്നിവര്‍ വ്യക്തമാക്കി.