കാസര്‍കോട്ട് മുസ്‌ലിം യുവാക്കളുടെ പേര് ചോദിച്ച് മര്‍ദിച്ചു

Update: 2019-05-27 15:28 GMT

കാസര്‍കോട്: മംഗലാപുരത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കറന്തക്കാട്ട് വച്ച് രണ്ടംഗ സംഘം ആക്രമിച്ചു. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി എച്ച് ഫായിസ് (23), സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് (21) എന്നിവരെയാണ് കറന്തക്കാട് വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.10ന് രണ്ടുപേര്‍ ആക്രമിച്ചത്. ഗള്‍ഫില്‍ നിന്നും വരുന്ന അനസിന്റെ ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇതിനിടെ കാറില്‍ ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനായി കറന്തക്കാട് താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം കാര്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം എത്തിയ രണ്ടംഗ സംഘം കാറിന്റെ ഗ്ലാസില്‍ തട്ടുകയും ഗ്ലാസ് തുറന്നപ്പോള്‍ പേര് ചോദിക്കുകയും, ഈ സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ച് താഴെയിട്ട് അക്രമിക്കുകയായിരുന്നു.

അക്രമിസംഘത്തിന്റെ കൈയ്യില്‍ നിന്നും കുതറിയോടിയ യുവാക്കള്‍ കാര്യങ്ങള്‍ അതുവഴി വന്ന മറ്റു യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ അക്രമിസംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് മുഖത്ത് പരിക്കേറ്റ ഫായിസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവം സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Similar News