സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ പുതിയ ചെയര്‍പേഴ്‌സനായി കെസി റോസകുട്ടി
കെപിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന കെ സി റോസക്കുട്ടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇടതുമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്
തിരുവനന്തപുരം:സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സനായി കെസി റോസക്കുട്ടി ജനുവരി ഏഴിന് ചുമതലയേല്‍ക്കും. കെ എസ് സലീഖ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.
സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനുമായിരുന്നു റോസക്കുട്ടി. കെപിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന കെ സി റോസക്കുട്ടി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇടതുമുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് നിരന്തരം അവഗണനയാണെന്നും, ഗ്രൂപ്പ് പോരില്‍ തനിക്ക് മനം മടുത്തെന്നും ആരോപിച്ചായിരുന്നു റോസക്കുട്ടിയുടെ രാജി.
മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ്സിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 1996ല്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ പദവി വഹിച്ചിരുന്നത്. എഐസിസി അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് റോസക്കുട്ടി.