മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ യുവതിയടക്കം ആറു പേര്‍ പിടിയില്‍

തമ്മനം സ്വദേശി നിസാംനിയാസ്(20),കളമശേരി എച്ച്എംടി കോളനി സ്വദേശിനി അജിസാല്‍(20),മൂലംപള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്(20),ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചില്‍ സാബു(25),കളമശേരി മൂലേപ്പാടം നഗറില്‍ താമസിക്കുന്ന വിഷ്ണു എസ് വാര്യര്‍(20) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്

Update: 2022-05-14 13:58 GMT

കൊച്ചി: കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനുമായി കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവതിയടക്കം ആറു പേര്‍ പോലിസ് പിടിയില്‍.തമ്മനം സ്വദേശി നിസാംനിയാസ്(20),കളമശേരി എച്ച്എംടി കോളനി സ്വദേശി അജിസാല്‍(20),മൂലംപള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്(20),ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിന്‍ സാബു(25),കളമശേരി മൂലേപ്പാടം നഗറില്‍ താമസിക്കുന്ന വിഷ്ണു എസ് വാര്യര്‍(20) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് ഇടപ്പള്ളി വി പി മരയ്ക്കാര്‍ റോഡിന് സമീപമുള്ള ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റു ചെയ്തത്.ഇവരില്‍ നിന്നും 8.3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതിനുമായി വന്‍തോതില്‍ സിന്തറ്റിക്ക് ഡ്രഗ്‌സും കഞ്ചാവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളിലും മറ്റുമായി കടത്തിക്കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലിസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.ആലപ്പുഴ സ്വദേശി സച്ചിനാണ് ബംഗളുരുവില്‍ നിന്നും മയക്ക് മരുന്ന് എത്തിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.യുവതികളെ കാര്യര്‍മാരായി ഉപയോഗിച്ചാണ് ഇവര്‍ നഗരത്തിലെ പ്രമുഖ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നത്.വിദ്യാര്‍ഥികളായ ഇവര്‍ ക്ലാസില്‍ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബര മുറികള്‍ വാടകയ്‌ക്കെടുത്താണ് ഇവ വിപണനം നടത്തിയിരുന്നത്.

യുവാക്കള്‍ക്കിടയില്‍ 'എം' എന്ന പേരില്‍ അറിയപ്പെടുന്ന എംഡിഎംഎയാണ് കൂടുതലായി കച്ചവടം നടത്തിയിരുന്നത്.ബംഗളുരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന മയക്കുമരുന്ന് ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിച്ച് വിലകൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇവര്‍ എന്ന് പോലിസ് പറഞ്ഞു.ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്ത് നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവര്‍ ചെയ്തുകൊടുത്തിരുന്നുവെന്നും പോലിസ് പറഞ്ഞു.

നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം,ഡാന്‍സാഫ് എസ് ഐ രാമു ബാലചന്ദ്രബോസ്,കളമശേരി എസ് ഐ ദീപു എന്നിവരു നേതൃത്വത്തിലാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.മയക്കു മരുന്ന് മാഫിയകളെ വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റില്‍ യോദ്ധാവ് എന്ന ആപ്പിലേക്ക് വീഡിയോ ആയോ ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാമെന്നും കൂടാതെ കൊച്ചി സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 എന്ന നമ്പറിലും 9497980430 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണെന്നും അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു

Tags:    

Similar News