കള്ളക്കേസിൽ കുടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്; പുതിയ വീഡിയോയുമായി അഞ്ജലി

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതില്‍തന്നെ എനിക്ക് സംശയമുണ്ട്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്.

Update: 2022-02-15 14:45 GMT

കോഴിക്കോട്: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ പുതിയ ആരോപണങ്ങളും വിശദീകരണവുമായി കുറ്റാരോപിതയായ അഞ്ജലി റീമാദേവ്. സംഭവം കള്ളക്കേസാണെന്നും പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ അഞ്ജലി ആരോപിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും ഞാന്‍ വ്യക്തിഹത്യ ചെയ്യപ്പെടുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ പലകാര്യങ്ങളും എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷേ, നിയമവ്യവസ്ഥയെയും കോടതിയെയും പോലീസിനെയും എല്ലാം മാനിച്ചുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കുറച്ചുകാര്യങ്ങള്‍ കൂടെ വ്യക്തമാക്കുന്നതെന്ന് അവർ വീഡിയോയിൽ പറയുന്നു.

വയനാട് സ്വദേശിനിയായ പരാതിക്കാരി എങ്ങനെയാണ് കോഴിക്കോട് സ്വദേശിനിയാകുന്നത്. എന്തിനാണ് അവര്‍ കോഴിക്കോട് സ്വദേശിനിയെന്ന് അവകാശപ്പെടുന്നത്. അതില്‍തന്നെ എനിക്ക് സംശയമുണ്ട്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. 18 വയസ്സ് തികയാത്ത സ്വന്തം മകളുമായി ഈ സ്ത്രീ പല ബാറിലും പോയിട്ടുണ്ട്. എന്റെ കൂടെയും വന്നിട്ടുണ്ട്. ഇല്ലെങ്കില്‍ അവര്‍ നിഷേധിക്കട്ടെ. ഈ കുട്ടിയെ കൂട്ടിവരുമ്പോള്‍ അമ്മയ്ക്കാണോ 18 വയസ്സായിട്ടില്ലെന്ന് അറിയുക, അതോ ഞാനാണോ കുട്ടിയുടെ ഐഡി കാര്‍ഡ് വാങ്ങി 18 വയസ്സ് ആയോ എന്ന് വെരിഫൈ ചെയ്യേണ്ടത്.

സൈജുവും ഞാനും ചേര്‍ന്നുള്ള പേഴ്‌സണല്‍ ട്രിപ്പിലേക്ക് ഈ കുട്ടിയെയും മറ്റ് പെണ്‍കുട്ടികളെയും കൂട്ടി ഇവര്‍ തന്നെ സ്വമേധയാ വന്നതാണ്. അതിന് പിന്നില്‍ കള്ളക്കേസ് എടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നെ കുടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും എനിക്ക് വ്യക്തമായിട്ടുണ്ട്.

ഓഫീസിലെ ഔദ്യോഗിക രേഖകള്‍ കട്ടെടുക്കുക, ഒപ്പിട്ട ചെക്കുകള്‍ കൊണ്ടുപോകുക, എംപ്ലോയി ഫയല്‍ റെക്കോഡ്, ക്ലയന്റ് ഡീറ്റെയില്‍സ്, എന്റെ പേഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ എന്നിവയൊക്കെ രണ്ടരമാസം ജോലിയിലിരുന്ന ഇവര്‍ എന്തിനാണ് നോക്കിയത്. ഇതെല്ലാം ചെയ്തത് എന്റെ പേരില്‍ കേസ് കൊടുക്കാന്‍ വേണ്ടിയായിരുന്നു.

റോയി വയലാട്ടിനെ അറിയില്ലെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ അഞ്ച് വര്‍ഷമായി അറിയാം. ഞാന്‍ മുമ്പും അവിടെ പോയിട്ടുണ്ട്. പക്ഷേ, രണ്ടുവര്‍ഷമായി ഞാന്‍ കൊച്ചിയിലേക്ക് തന്നെ പോയിട്ടില്ല.

അതിന് മുമ്പേയായാലും റോയിയുമായി വ്യക്തിപരമായ ബന്ധമില്ല. അവിടെ പോകുന്ന സമയത്ത് കാണുക, അവരുടെ ഹോസ്പിറ്റാലിറ്റി, അതെല്ലാം എല്ലാവരോടും തുല്യമായി കാണിക്കാറുണ്ട്. അതില്‍ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കെട്ടിച്ചമയ്ക്കുന്നത് ഓരോ കഥകളാണ്.

ഞാന്‍ പെണ്‍കുട്ടികളെ ജോലിക്കെടുക്കുന്നത് മറ്റ് പല കാര്യങ്ങള്‍ക്കുമാണെന്നാണ് ഈ സ്ത്രീയുടെ ആരോപണം. ഇത് വ്യാജമാണ്. ഇതിലൂടെ എന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ കൂടി മാനമാണ് നഷ്ടപ്പെടുന്നത്. ഇതിനെല്ലാമുള്ള ഉത്തരം ഈ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീ തന്നെ നല്‍കണം.

കോടതിയുടെ മുന്നിലുള്ള കേസായതിനാല്‍ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലെന്ന് അറിയാം. പക്ഷേ, എന്റെ നിസ്സാഹയാവസ്ഥ കാരണമാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. ഇപ്പോള്‍ എന്റെ സാഹചര്യമെന്താണെന്ന് എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അവർ വീഡിയോയിൽ പറയുന്നു. 

Similar News