കൊച്ചി ലഹരിമരുന്നു കടത്തുകാരുടെ ഇഷ്ടകേന്ദ്രമാകുന്നു;സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 800 കോടിയുടെ ലഹരിവസ്തുക്കള്‍

2014 ല്‍ ലഹരിയുമായി ബന്ധപ്പെട്ട് 900 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 7700 കേസുകളായി മാറിയെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Update: 2019-01-04 10:05 GMT

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പിടികൂടിയത് 800 കോടിയുടെ ലഹരിവസ്തുക്കളെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.രാജ്യത്ത് എറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്.ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.2014 ല്‍ ലഹരിയുമായി ബന്ധപ്പെട്ട് 900 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 7700 കേസുകളായി മാറിയെന്നും ഋഷിരാജ് സിങ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഹരി മരുന്നുമായി ബന്ധപ്പെട്ട് 7802 പേരെ അറസ്റ്റു ചെയ്തു.1900 കിലോ കഞ്ചാവാണ് പിടികുടിയത്. 2200 കഞ്ചാവ് ചെടികള്‍,65 കിലോ ഹാഷിഷ് ഓയില്‍,32 കിലോ എംഡിഎംഎ എന്നിവയും പിടിച്ചു. ഇതു കൂടാതെ ബ്രൗണ്‍ഷുഗര്‍,ഹെറോയിന്‍, എല്‍എസ്ഡി,ചരസ്,ഒപിയം,മാജിക് മഷ്‌റൂം,ഡയസപാം,ലോറസെപാം അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് ഋഷിരാജ് സിങ് പറഞ്ഞു.ആയിരം ടണ്ണോളം പുകയിലാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.മയക്കു മരുന്നുകടത്തുകാരുടെ ഇഷ്ട കേന്ദ്രമായി സംസ്ഥാനത്ത് കൊച്ചി മാറുന്നതായിട്ടാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാകുന്നത്.മലേസ്യ, വിയറ്റ്‌നാം.ഫിലിപ്പിന്‍സ്, അടക്കമുള്ള രാജ്യങ്ങളിലേക്ക് മയക്കു മരുന്നു കയറ്റി അയക്കുന്നത് കൊച്ചി വഴിയാണെന്നാണ് വ്യക്തമാകുന്നത്. കടല്‍മാര്‍ഗവും, ആകാശമാര്‍ഗവും മയക്കു മരുന്നു കടത്ത് നടക്കുന്നു, വിമാനമാര്‍ഗം വഴിയുള്ള മയക്കു മരുന്നു കടത്ത് പിടിക്കുന്നതിനായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആധുനിക സജ്ജീകരണത്തോടെയുള്ള സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുമെന്ന്് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിനുള്ളില്‍ ഇത് സ്ഥാപിക്കും.ഇത് സ്ഥാപിക്കുന്നതോടെ വിമാനത്താവളങ്ങളില്‍ എത്തുന്ന പായക്കറ്റുകള്‍ക്കുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും.സംസ്ഥാനത്ത് വന്‍ തോതില്‍ ലഹരി പാര്‍ടികള്‍ നടക്കുന്നുണ്ട്. ഭൂരിഭാഗവും ഇത് വീടുകളിലും ആഡംബര റിസോര്‍ട്ടുകളിലുമാണ്.കുട്ടികളിലും ലഹരി ഉപയോഗം വര്‍ധിച്ചുവരികയാണ്.പാന്‍പരാഗ്, പാന്‍മസാല എന്നിവയില്‍ തുടങ്ങി കഞ്ചാവ്, എല്‍എസ്ഡി സ്റ്റിക്കര്‍,മാജിക് മഷ്‌റും എന്നിങ്ങനെ പോകും.പിന്നെ.നൈട്രസെപാം, ഡയസ് പാം ,ബനാഡ്രില്‍ അടക്കമുള്ളവ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കുട്ടികള്‍ വാങ്ങി ലഹരിക്കായി ഉപയോഗിക്കുകയാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം മരുന്നുകള്‍ കൊടുക്കാന്‍ പാടില്ലാത്തതാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക് പക്ഷേ പല മെഡിക്കല്‍ ഷോപ്പുകാരും ഇത് പാലിക്കാന്‍ തയാറാകുന്നില്ല. അവര്‍ കുട്ടികള്‍ക്ക് ഇത് യഥേഷ്ടം നല്‍കുകയാണ്.ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിയമമുണ്ട്.ഇത്തരത്തില്‍ നിയമം പാലിക്കാതെ മരുന്നു നല്‍കിയ 27 മെഡിക്കല്‍ ഷോപ്പുകളാണ് തങ്ങള്‍ ഇടപെട്ട് പൂട്ടിച്ചത്.ബ്രൗണ്‍ഷുഗറും മറ്റുമൊന്നുമല്ല കുട്ടികള്‍ ഇപ്പോള്‍ ലഹരിക്കായി കുടുതല്‍ ഉപയോഗിക്കുന്നത്.മെഡി്ക്കല്‍ ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന ഇത്തരം മരുന്നുകളാണ്.മെഡിക്കല്‍ ഷോപ്പുകാര്‍ സഹകരിച്ചാല്‍ ഒരു പരിധിവരെ കുട്ടികളിലെ ലഹരി ഉപയോഗം കുറയക്കാന്‍ കഴിയുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.45 ഡ്രഗ് ഇന്‍സ്പക്ടര്‍മാര്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത് ഇവര്‍ നോക്കേണ്ടതാകട്ടെ 20,000 ല്‍പരം മെഡിക്കല്‍ ഷോപ്പുകളാണ്.സംശയാസ്പദമായ മെഡിക്കല്‍ ഷോപ്പുകള്‍ പരിശോധിക്കാന്‍ അവര്‍ക്ക് എക്‌സൈസിന്റെ വാഹനങ്ങളും മറ്റും വിട്ടു നല്‍കുകയാണ് ചെയ്യുന്നതെന്നൂം ഋഷിരാജ് സിങ് പറഞ്ഞു.

Tags:    

Similar News