നഷ്ടം മൂന്നരക്കോടി, തകര്‍ന്ന ബസ്സുകളുമായി കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര
രണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി നടന്ന ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് നേരെയുളള അക്രമത്തില്‍ പ്രതിഷേധിച്ച് തകര്‍ന്ന ബസുകളുമായി ജീവനക്കാര്‍ നഗരത്തില്‍ വിലാപയാത്ര നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന സംഘപരിവാര്‍ ആക്രമണങ്ങളില്‍ തകര്‍ന്നത് 100 കെഎസ്ആര്‍ടിസി ബസ്സുകള്‍. കെഎസ്ആര്‍ടിസിക്ക് നഷ്ടം 3.35 കോടി. തിരുവനന്തപുരത്ത് ഇരുപത്തിമൂന്നും കൊല്ലത്ത് 21 ബസും നശിപ്പിച്ചു.
രണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി നടന്ന ആര്‍എസ്എസ്-ബിജെപി ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുകയാണ്. ബസ്സുകള്‍ നന്നാക്കി വീണ്ടും, സര്‍വ്വീസ് തുടങ്ങുന്നതുവരെയുള്ള വരുമാനവും നഷ്ടമാവുകയാണ്. ഈ സാഹചര്യത്തിലാണ് 'ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്' എന്ന അഭ്യര്‍ഥനയുമായി കെഎസ്ആര്‍ടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയില്‍ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി.