സൗദി പ്രവാസികള്‍ക്ക് ആശ്വാസം; കരിപ്പൂരില്‍നിന്ന് ഫ്‌ളൈ നാസ് സര്‍വീസിന് തുടക്കം
കരിപ്പൂര്‍: കോഴിക്കോടുനിന്നും എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം സൗദി അറേബ്യയിലേക്ക് ഫ്‌ളൈ നാസ് സര്‍വീസിന് തുടക്കമായി. ചൊവ്വാഴ്ച മുതലാണ് കരിപ്പൂര്‍ റിയാദ് സെക്ടറില്‍ വിമാനം സര്‍വീസ് തുടങ്ങിയത്. സൗദി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് പുതിയ സര്‍വീസുകള്‍. റിയാദില്‍നിന്ന് 86 യാത്രക്കാരുമായാണ് രാവിലെ 7.26ന് ആദ്യവിമാനം കരിപ്പൂരിലെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സര്‍വീസിന് ഗംഭീരസ്വീകരണമാണ് എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കിയത്. ആദ്യ സര്‍വീസിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരണമൊരുക്കിയത്. കരിപ്പൂരില്‍നിന്ന് ആറ് കുട്ടികള്‍ ഉള്‍പ്പെടെ 179 യാത്രക്കാരുമായാണ് വിമാനം റിയാദിലേക്ക് തിരിച്ചുപറന്നത്. ഇത്രയും ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 നിയോ വിമാനമാണ് സര്‍വീസ് നടത്തുക.
കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ആര്‍ മഹാലിംഗം വിളക്ക് തെളിയിച്ചു. ഫ്‌ളൈ നാസ് എയര്‍പോര്‍ട്ട് മാനേജര്‍ കെ പി ഹാനി, ഫ്‌ളൈ നാസ് സെക്യൂരിറ്റി ഓഫിസര്‍ മബൂദ്, എഐടിഎസ്എല്‍, എയര്‍ ഇന്ത്യ, ടെര്‍മിനല്‍, സിഐഎസ്എഫ് ഡ്യൂട്ടി ഓഫിസര്‍മാര്‍ സംബന്ധിച്ചു. ചൊവ്വ, വെളളി, ഞായര്‍ ദിവസങ്ങളിലാണ് വിമാനം റിയാദിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വ, വെള്ളി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഫ്‌ളൈ നാസ് കോഴിക്കോട്- റിയാദ് സെക്ടറില്‍ നടത്തുക. കൊവിഡിനെ തുടര്‍ന്ന് 2019 ഫെബ്രുവരി 13 ന് നിര്‍ത്തിവച്ച സര്‍വീസുകളാണ് പുനരാരംഭിച്ചത്. നേരത്തെ, ജനുവരി 11 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് സവീസുകള്‍ തുടങ്ങാന്‍ സാധിച്ചിരുന്നില്ല.
റിയാദില്‍നിന്ന് അര്‍ധരാത്രി 00:05 ന് പറന്നുയരുന്ന വിമാനം രാവിലെ 07:30 ന് കോഴിക്കോട് ഇറങ്ങും. കോഴിക്കോടുനിന്നും രാവിലെ 08:25 പറന്നുയരുന്ന വിമാനം റിയാദില്‍ 11:45 എത്തിച്ചേരും. കോഴിക്കോടുനിന്നും സൗദിയിലേക്ക് 1,543 റിയാലും റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് 595 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 25 വരെയുള്ള ഷെഡ്യൂളുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈറ്റ് ടിക്കറ്റ് നിരക്കില്‍ 20 കിലോ ലഗേജ്, 07 കിലോ ഹാന്‍ഡ് ബാഗും അനുവദിക്കും. എന്നാല്‍, തൊട്ടുയര്‍ന്നു നില്‍ക്കുന്ന ടിക്കറ്റ് നിരക്കില്‍ 30 കിലോ ലഗേജ്, 07 കിലോ ഹാന്‍ഡ് ബാഗും ഏറ്റവും ഉയര്‍ന്ന കാറ്റഗറിയില്‍ 40 കിലോ ലഗേജ്, ഏഴു കിലോ ഹാന്‍ഡ് ബാഗ് എന്നിവയും അനുവദിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിനു ഫ്‌ളൈ നാസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.