മോദിയുടെ പാത പിന്തുടർന്ന് പിണറായി സർക്കാർ; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷ പദ്ധതികൾ അട്ടിമറിക്കുന്നു
മദ്രസ നവീകരണ പദ്ധതി, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം (ഐഡിഎംഐ), വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ധനസഹായം എന്നിവ മരവിപ്പിച്ചിരിക്കുന്നതും അംഗങ്ങളില്ലാത്ത ന്യൂനപക്ഷ കമ്മീഷന്‍ മുതലായവ ഉദാഹരണങ്ങളാണ്.
വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ യുപിഎ സര്‍ക്കാര്‍ നിരവധി ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിരുന്നു. ഈ പദ്ധതികൾ ഓരോന്നായി തുടർന്നുവന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതിന് പിന്നാലെ സംസ്ഥാനത്തും സമാനമായ നീക്കങ്ങള്‍ നടക്കുകയാണ്. കേരളത്തിൽ ന്യൂനപക്ഷ കോച്ചിങ് സെന്ററുകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സിവില്‍ സര്‍വീസ്, പിഎസ് സി, കേന്ദ്ര സര്‍വീസ് അടക്കമുള്ള വിവിധ മേഖലകളില്‍ തൊഴില്‍ നേടുന്നതിന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച സംഭാവന നല്‍കിയ കേന്ദ്രങ്ങളാണ് അട്ടിമറിക്കപ്പെടുന്നത്. മുസ്ലിം സമുദായത്തിലെ അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് പ്രാപ്തരാകാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 14 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 16 കോച്ചിങ് സെന്ററുകളും 23 സബ്‌സെന്ററുകളെയുമാണ് ഉദ്യോഗസ്ഥ ലോബികളും ക്രൈസ്തവ സഭകളും ലക്ഷ്യം വച്ചിരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കപ്പെട്ട പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് ഈ സെന്ററുകള്‍ ആരംഭിച്ചത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ എണ്‍പതു ശതമാനം വിഹിതവും മുസ്ലിം വിഭാഗത്തിനു നല്‍കുന്നത് എന്നാണു സര്‍ക്കാര്‍ ഭാഷ്യമെന്നും തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് അട്ടിമറിയ്ക്ക് ശ്രമിക്കുന്നവരുടെ ആരോപണം. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയെപ്പറ്റി പഠിക്കാന്‍ തയാറായിട്ടില്ലെന്നും അതിനാല്‍ കോച്ചിങ് സെന്ററുകളിലെ 50 ശതമാനം സീറ്റുകള്‍ മറ്റ് മതസ്ഥര്‍ക്കായി നീക്കി വയ്ക്കണമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതുപോലെ വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ സബ്‌സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവ സമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണു വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവ സമൂഹവും ഇതര ന്യൂനപക്ഷങ്ങളും ആവശ്യപ്പെടുന്നതെന്നാണ് ഇതിനെ കുറിച്ച് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനറായിരുന്ന വ്യക്തി പറഞ്ഞത്.
കോഴിക്കോട്, പയ്യന്നൂര്‍, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി തുടങ്ങി എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അഞ്ച് സെന്ററുകളാണ് സ്ഥാപിച്ചത്. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാര്‍ സെന്ററുകളുടെ എണ്ണം 16 ആയി ഉയര്‍ത്തുകയും 23 ഉപകേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഈ സെന്ററുകളിലൂടെ കോച്ചിങ് പൂര്‍ത്തിയാക്കിയ നൂറുകണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുകയും ചെയ്തു. സെന്ററുകള്‍ക്ക് 'കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്' എന്ന് പേര് നല്‍കിയത് കഴിഞ്ഞ വിഎസ് സര്‍ക്കാര്‍ തന്നെ ആയിരുന്നു. എന്നാല്‍ ഈ സെന്ററുകളില്‍ 20 ശതമാനം വരെ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോച്ചിങിന് ഇപ്പോഴും അവസരം നല്‍കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ മൊത്തത്തിലല്ല, മറിച്ച് മുസ്ലിം പിന്നാക്കാവസ്ഥ മാത്രം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഇതനുസരിച്ചാണ് ന്യൂനപക്ഷ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോച്ചിങ് സെന്ററുകള്‍ക്ക് 'കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്' എന്ന് പേര് നല്‍കിയത്.
ഉയര്‍ന്ന നിലവാരത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ഈ കേന്ദ്രങ്ങളുടെ പേര് 2017ല്‍ പിണറായി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. പേരിലെ മുസ്ലീം ഒഴിവാക്കി കോച്ചിങ് സെൻ്റർ ഫോർ മൈനോരിറ്റി യൂത്ത് എന്നാക്കി മാറ്റി. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംസ്ഥാനതല യോഗത്തില്‍ അംഗങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് പേരുമാറ്റം എന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. 12 ശതമാനം സംവരണം ഉണ്ടായിട്ടും മുസ്ലിം സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും പട്ടികജാതി പട്ടിക വര്‍ഗക്കാരെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് മുസ്ലിം സമുദായമെന്നുമായിരുന്നു സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍. 2004 ലും 2011 ലും ദേശീയ സാമ്പിള്‍ സര്‍വെ പ്രകാരവും മുസ്ലിം പുരോഗതി സാധ്യമായിട്ടില്ല. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ സാമൂഹ്യ-സാമ്പത്തിക - വിദ്യാഭ്യാസ സ്ഥിതി പഠിക്കാനാണ് നിശ്ചയിച്ചത്. അതില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷമോ ഇന്ത്യയിലെ 4 ഇതര ന്യൂനപക്ഷങ്ങള്‍ക്കോ ഈ ശുപാര്‍ശയുടെ ആനുകൂല്യം നല്‍കേണ്ടതില്ല. പാലൊളി കമ്മറ്റിയാണ് ഇതര പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കു കൂടി 20 ശതമാനം ചേര്‍ത്തത്. മുസ്ലിം - നാടാര്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെ മുന്നോക്ക - പിന്നോക്ക ഭേദമന്യ വരുമാനടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും 2006 മുതല്‍ ഉണ്ടെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.
അതേസമയം, വിഎസ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ടതാണെങ്കിലും ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെയാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നതെന്ന വിരോധഭാസവും ഇതിലുണ്ട്. മോദി സര്‍ക്കാരിന്റെ അതേ പാത തന്നെയാണ് ന്യൂനപക്ഷവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മദ്രസ നവീകരണ പദ്ധതി, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം (ഐഡിഎംഐ), വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, മൗലാനാ ആസാദ് ഫൗണ്ടേഷന്‍ ധനസഹായം എന്നിവ മരവിപ്പിച്ചിരിക്കുന്നതും അംഗങ്ങളില്ലാത്ത ന്യൂനപക്ഷ കമ്മീഷന്‍ മുതലായവ ഉദാഹരണങ്ങളാണ്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന നടന്നിരുന്ന ധനസഹായങ്ങളൊന്നും ഇപ്പോള്‍ നടക്കുന്നില്ല. വിധവകള്‍ക്കും മദ്രസാ ജീവനക്കാര്‍ക്കുമുള്ള ഭവനധനസഹായം നിലച്ചമട്ടാണ്.
വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍
ഭരണരംഗത്ത് നിന്ന് മുസ്ലിംകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. ഇതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രീഡിഗ്രി എടുത്തുമാറ്റിയപ്പോള്‍ സ്വീകരിച്ച നയം. എടുത്തു കളഞ്ഞ സീറ്റുകള്‍ക്ക് പകരമായി മുസ്ലിം മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ സീറ്റ് അനുവദിച്ചില്ല. സമുദായാടിസ്ഥാനത്തില്‍ അന്നനുവദിച്ച സീറ്റുകളുടെ എണ്ണം ഇപ്രകാരമായിരുന്നു. ജനസംഖ്യയുടെ 21 ശതമാനമുള്ള ക്രൈസ്തവര്‍ക്ക് 201 (47%)സീറ്റുകള്‍. 23 ശതമാനമുള്ള ഈഴവ വിഭാഗത്തിന് 71 (16.6%) സീറ്റുകള്‍. 14 ശതമാനമുള്ള നായര്‍ വിഭാഗത്തിന് 99(23.1%) സീറ്റുകള്‍. എന്നാല്‍ 24 ശതമാനമുള്ള മുസ്ലിം സമുദായത്തിന് ലഭിച്ച സീറ്റുകളാകട്ടെ 70 (15.9%)എണ്ണവും. അന്നുമുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്ലസ്ടു സീറ്റ് കുറവായതിനാല്‍ മുസ്ലിംകള്‍ വ്യാപകമായ പ്രയാസം നേരിടുകയുണ്ടായി.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും മുസ്ലിംകള്‍ പിന്നിലാണ്. കേരളത്തിലെ ഹൈസ്‌കൂളുകളുടെ എണ്ണം ഗവ. 408, എയ്ഡഡ് 1429, അണ്‍ എയ്ഡഡ് 379 എന്നിങ്ങനെ മൊത്തം 2216 ആണ്. ഇതില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിവരുന്ന സ്വകാര്യസ്ഥാപനങ്ങളുടെ എണ്ണം 1808 ആണ്. അവയില്‍ 859 എണ്ണം ക്രൈസ്തവ മാനേജ്മെന്റിനു കീഴിലും 687 എണ്ണം ഹിന്ദു മാനേജ്മെന്റിന്റെ കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ മുസ്ലിം മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ളത് 252 സ്ഥാപനങ്ങളാണ്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഈ അന്തരം കാണാവുന്നതാണ്. ഗവണ്‍മെന്റ് പ്രൈവറ്റ് ഇനത്തിലായി മൊത്തം 1624 ഹയര്‍സെക്കന്ററി സ്ഥാപനങ്ങളാണുള്ളത്. അതില്‍ 925 എണ്ണം വ്യത്യസ്ത മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ളതാണ്. ക്രൈസ്തവ വിഭാഗത്തിന് 409 ഉം ഹിന്ദുവിഭാഗത്തിന് 337 ഉം മുസ്ലിംവിഭാഗത്തിന് 169 ഉം സ്ഥാപനങ്ങളാണുള്ളത്. ഇതേ അന്തരം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപനങ്ങളുടെ കാര്യത്തിലും നിലനില്‍ക്കുന്നു. ഗവണ്‍മെന്റ് പ്രൈവറ്റ് തലങ്ങളിലായി 375 വി.എച്ച്.എസ്.സി സ്ഥാപനങ്ങള്‍ ഉണ്ട്. ഇതില്‍ 128 എണ്ണം വ്യത്യസ്ത മാനേജ്മെന്റുകള്‍ക്കു കീഴിലാണ്. ക്രൈസ്തവ വിഭാഗം 48, ഹിന്ദുവിഭാഗം 65, മുസ്ലിം വിഭാഗം 15 എന്നിങ്ങനെയാണ് അവയുടെ കണക്ക്. മൊത്തം വി.എച്ച്.എസ്.സിയില്‍ തന്നെ മുസ്ലിംകള്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ പ്രദേശത്ത് 117 എണ്ണവും തിരുകൊച്ചിയില്‍ 258 എണ്ണവുമാണുള്ളത്. സ്വകാര്യ തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും കേരള മുസ്ലിംകള്‍ പിന്നിലാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ മൊത്തം 150 മാനേജ്മെന്റ് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ 69 എണ്ണം ക്രൈസ്തവവിഭാഗത്തിനും 62 എണ്ണം ഹിന്ദുവിഭാഗത്തിനും കീഴിലാണ്. ബാക്കി വരുന്ന 19 എണ്ണമാണ് മുസ്ലിം വിഭാഗത്തിന്റെ കീഴിലുള്ളത്. 2014ലെ കണക്ക് പ്രകാരം ലോ കോളേജുകളുടെ മൊത്തം എണ്ണം എടുത്താല്‍ രണ്ടെണ്ണം ക്രൈസ്തവര്‍ക്കും ആറെണ്ണം ഹൈന്ദവര്‍ക്കും ആണ്. എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ മൊത്തം 110 എണ്ണമുണ്ട്. ഇവ യഥാക്രമം 37, 45, 28 എന്നിങ്ങനെയാണ്. 20 ബി.ഇ.എഡ് കോളജുകള്‍ കേരളത്തിലുണ്ട്. ഇവ യഥാക്രമം 9, 7, 4 എന്നിങ്ങനെയാണ്. മെഡിക്കല്‍ സ്ഥാപനങ്ങളാവട്ടെ 15 എണ്ണം. 5, 6, 4 എന്നിങ്ങനെയാണ് വ്യത്യസ്ത സമുദായം തിരിച്ചുള്ള അവയുടെ തോത്. ഡെന്റല്‍ കോളജുകളുടെ കാര്യത്തില്‍ 6, 6, 6 എന്നിങ്ങനെ മൂന്ന് വിഭാഗത്തിനും തുല്യ വിഹിതമാണുള്ളത്.
സംവരണ പ്രാതിനിധ്യം പോലും ലഭിക്കാത്ത അവസ്ഥ
സംവരണം ഉള്ള അവസ്ഥയില്‍ പോലും പ്രാതിനിധ്യം ഉറപ്പാക്കാന്‍ സാധിക്കാത്ത് അവസ്ഥയും ഇന്ന് സമുദായം നേരിടുന്നുണ്ട്. ഇന്ന് എന്ന് പറഞ്ഞെങ്കിലും കുറഞ്ഞത് മുപ്പത് വര്‍ഷമായിട്ട് ഇതാണ് കേരളത്തിലെ മുസ്ലീങ്ങളുടെ അവസ്ഥയെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാവും.
കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായുള്ള പി എസ് സി റാങ്ക് ലിസ്റ്റിലെ നിയമനങ്ങളില്‍ ഒരു റൊട്ടേഷന്‍ ചാര്‍ട്ട് ഉണ്ട്. ഓരോ നൂറ് നിയമനങ്ങള്‍ നടക്കുമമ്പോഴും അതില്‍ 50 എണ്ണം ഓപ്പണ്‍ കാറ്റഗറി ആയിരിക്കണം, ഈഴവ/ബില്ലവ/തിയ്യ 14, മുസ്ലിം 12, എല്‍സി 4, വിശ്വകര്‍മ്മ 3, ധീവര-ഹിന്ദു നാടാര്‍-എസ്‌ഐയുസി നാടാര്‍ ഒരോന്ന് വീതം, ഒബി സി 3, പട്ടികജാതി 8, പട്ടികവര്‍ഗ്ഗം 2. അതാണ് അതിന്റെ ക്രമം. ഏറ്റവും അവസാനത്തെ അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ 1500 വരെ ഉള്ള റാങ്കുകളിലെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഒന്ന് പരിശോധിച്ചുനോക്കൂ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉള്ള ഒരു വിഭാഗം പോലുമില്ല എന്ന് കാണാം.ജനസംഖ്യാനുപാതികമായി 26 ശതമാനത്തിന് മുകളില്‍ ഉണ്ടാവേണ്ട മുസ്ലിം വിഭാഗത്തിന് മെയിന്‍ റാങ്ക് ലിസ്റ്റില്‍ പ്രാതിനിധ്യം 17.25 %. അതുപോലെ 23 % പ്രാതിനിധ്യം ലഭിക്കേണ്ട ഈഴവ വിഭാഗത്തിന് ആകെയുള്ളത് 12.58 %.. കേരള പിഎസ്സി വെബ്സൈറ്റില്‍ കയറി നോക്കിയാല്‍ വിവിധ തസ്തികകളിലെ അവസ്ഥ കാണാം.
2001 ലെ ജസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് മുസ്ലിം ഒബിസിയ്ക്ക് സംവരണ ക്വാട്ട പൂര്‍ത്തിയാക്കാന്‍ മാത്രം 7383 തസ്തികകളുടെ കുറവുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലെ അഞ്ചേകാല്‍ ലക്ഷം ജീവനക്കാരില്‍ 42000 ജീവനക്കാര്‍ മാത്രം. 8 ശതമാനം പ്രാതിനിധ്യം. സ്വകാര്യ എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്‍.പി സ്‌കൂള്‍ മുതല്‍ ഡിഗ്രി - പിജി കോളേജുകള്‍, മെഡിക്കല്‍ ദന്തല്‍ - ഫാര്‍മസി - നഴ്‌സിങ് സ്വാശയ എഞ്ചിനീയറിങ് കോളേജുകളടക്കം 18 ശതമാനം മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 55 മുതല്‍ 70 ശതമാനം വരെ. മുസ്ലിം ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങള്‍ 30 ശതമാനം മാത്രം.
സ്‌കോളര്‍ഷിപ്പ് കാര്യങ്ങളിലും സമുദായം പ്രതികൂട്ടിലാവാറുണ്ട്. സര്‍ക്കാര്‍ മുസ്ലിംകള്‍ക്ക് മാത്രമായി ഒരു സ്‌കോളര്‍ഷിപ്പും നല്‍കുന്നില്ല. ആദ്യമായി മുസ്ലിം, നാടാര്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. അതിന്റെ പാറ്റേണ്‍ ജനസംഖ്യാനുപാതത്തില്‍ 80:20 ആയി ക്രമീകരിച്ചു. മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്കും ഇതേ പാറ്റേണ്‍ ആണ്.പ്ലാന്‍ ഫണ്ടില്‍ നിന്ന് മൊത്തം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്‍പറേഷന്‍ നല്‍കുന്ന തുകയോളം വരില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ സംസ്ഥാനത്ത് കേന്ദ്രം തരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ 80:20 എന്ന അനുപാതത്തില്‍ മുസ്ലിംകള്‍ക്ക് നല്‍കുന്നു എന്നാണ് പ്രചാരണം.സത്യത്തില്‍ കേന്ദ്ര സ്‌കോളര്‍ഷിപ്പുകളെല്ലാം കേന്ദ്രമാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര സഹായമുള്ള പദ്ധതിയുടെ 40% കേരളം വഹിക്കുന്നു. ആ പദ്ധതികളാകട്ടെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ മുഴുവന്‍ പേര്‍ക്കും ഒരുപോലെയുള്ളതാണ്. കൂടാതെ കുമാരപിള്ള കമ്മീഷന്‍ ശുപാര്‍ശപ്രകാരമുള്ള ഫീസാനുല്യം മുന്നോക്ക പിന്നേക്കഭേദമന്യെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനും ലഭിക്കും. മുന്നോക്ക ക്രിസ്ത്യാനികള്‍ക്ക് പിന്നോക്ക-ന്യൂനപക്ഷങ്ങള്‍ ക്ക് ലഭിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികവും സ്‌കോളര്‍ഷിപ്പും സിവില്‍ സര്‍വ്വീസ്, തുടങ്ങി- പ്രൊഫഷണല്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും 35 വയസു വരെ ധനസഹായം മുന്നോക്ക സമുദായവികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കും.