തിരുവനന്തപുരം ജില്ലയിൽ എലിപ്പനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.

Update: 2020-10-16 08:45 GMT

തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ രോഗസാധ്യത കൂടുതലുള്ളവര്‍ തൊഴിലെടുക്കുമ്പോള്‍ നിര്‍ബന്ധമായും കയ്യുറയും കാലുറയും ധരിക്കണം.

ശരീരത്തില്‍ മുറിവുള്ളപ്പോള്‍ എലി, അണ്ണാന്‍, പൂച്ച, പട്ടി, മുയല്‍, കന്നുകാലികള്‍ തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന ജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും രോഗാണു കലര്‍ന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും നിര്‍ബന്ധായും ഒഴിവാക്കണം. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലികള്‍ക്ക് സ്ഥിരമായി വസിക്കുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി മാത്രം ഉപയോഗിക്കണം.

പനി, തലവേദന, കാലുകളിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ-ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം. രോഗസാധ്യത കൂടുതലുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ ആഹാരത്തിനു ശേഷം 200 മില്ലി ഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക ആറുമുതല്‍ എട്ട് ആഴ്ചവരെ കഴിക്കണം. ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും.

Tags:    

Similar News