ഡല്‍ഹിയില്‍നിന്നുള്ള ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തി

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.

Update: 2020-05-15 01:27 GMT

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളികളുമായി ഡല്‍ഹിയില്‍നിന്നുള്ള ട്രെയിന്‍ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് ട്രെയിന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ലോക്ക് ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായെത്തുന്ന ആദ്യ പാസഞ്ചര്‍ ട്രെയിനാണിത്. വ്യാഴാഴ്ച രാത്രി പത്തോടെ കോഴിക്കോടെത്തിയ ട്രെയിന്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള 252 യാത്രക്കാരെ ഇവിടെ ഇറക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയ ട്രെയിന്‍ ഇവിടെ നാനൂറിനടുത്ത് യാത്രക്കാരെ ഇറക്കി. ഇതിനുശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഇവിടെ തിരുവനന്തപുരം- 150, കൊല്ലം- 84, പത്തനംതിട്ട- 89, ആലപ്പുഴ-37, കോട്ടയം- 34, തമിഴ്‌നാട്- 61, പോവേണ്ട സ്ഥലം അറിയിക്കാത്തവര്‍- 147 തുടങ്ങി 602 യാത്രക്കാരാണ് ഇറങ്ങിയത്. മറ്റ് ജില്ലകളിലേക്ക് പോവേണ്ടവര്‍ക്ക് 25 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് പോവേണ്ടവര്‍ക്ക് അഞ്ച് ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി കന്യാകുമാരി കലക്ടര്‍ തിരുവനന്തപുരം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന കര്‍ശനമായി നടത്തുന്നതിനും തുടര്‍നടപടികള്‍ക്കുമുള്ള സജ്ജീകരണങ്ങളും എര്‍പ്പെടുത്തിയിരുന്നു. കോഴിക്കോടിറങ്ങിയ ആറുപേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോ ഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്. ചികില്‍സയ്ക്കായി വന്ന് ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിപ്പോയവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് യാത്രയ്ക്കായെത്തിയത്. വെള്ളിയാഴ്ച രാത്രി 7.45 ന് ഇതേ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ആഴ്ചയില്‍ മൂന്നുദിവസമാണ് ഡല്‍ഹി- കേരള സര്‍വീസ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.  

Tags:    

Similar News