ലോക്ക് ഡൗണ്‍: വയനാട്ടില്‍ കുടുങ്ങിയ വിദേശപൗരന്‍മാര്‍ ഇന്ന് തിരിച്ചുപോവും

സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്സ്, ക്രിസ്റ്റഫര്‍ കേരേറ്റ്, ജര്‍മന്‍കാരിയായ ഗ്രേസി മാത്യൂ എന്നിവരാണ് ജില്ലാ അധികൃതര്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വയനാട്ടില്‍നിന്ന് യാത്രയാവുന്നത്.

Update: 2020-04-24 14:37 GMT

കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയില്‍ വിവിധ സാഹചര്യങ്ങളില്‍ കുടുങ്ങിയ നാലുവിദേശ പൗരന്‍മാര്‍ ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയാവും. സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്സ്, ക്രിസ്റ്റഫര്‍ കേരേറ്റ്, ജര്‍മന്‍കാരിയായ ഗ്രേസി മാത്യൂ എന്നിവരാണ് ജില്ലാ അധികൃതര്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വയനാട്ടില്‍നിന്ന് യാത്രയാവുന്നത്. ജോസീന്‍ ബീറ്റ്സ് 53 ദിവസം മുമ്പാണ് ആയുര്‍വേദചികില്‍സയ്ക്കായി ജില്ലയിലെത്തിയത്.

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഒറ്റപ്പെടലിന്റെ ഭീതി തോന്നിപ്പിക്കാതെ ജില്ലാഭരണകുടവും, പോലിസും, ടൂറിസം വകുപ്പും നിരന്തരം ക്ഷേമാന്വാഷണം നടത്തിയതായി ജോസീന്‍ പറഞ്ഞു. ക്രിസ്റ്റഫര്‍ കേരേറ്റ് 55 ദിവസമായി ആയൂര്‍വേദ ചികില്‍സയിലായിരുന്നു. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ജനമൈത്രി പോലിസും ആരോഗ്യപ്രവര്‍ത്തകരും അന്വേഷിക്കുകയുണ്ടായി. ജില്ലാ ഭരണകൂടത്തോടും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോടും ഏറെ നന്ദിയുണ്ടെന്ന് ക്രിസ്റ്റഫറും പറഞ്ഞു.31 വര്‍ഷമായി ജര്‍മനിയില്‍ സ്ഥിരതാമസക്കാരിയായ ഗ്രേസി മാത്യൂ അവധിയ്ക്ക് ജനുവരിയില്‍ നാട്ടിലെത്തിയതായിരുന്നു. ഇവാക്വേഷന്‍ വിമാനത്തില്‍ ഇവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങും. 

Tags:    

Similar News