തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലേക്ക് ഹോം ഡെലിവറി അനുവദിക്കും.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാന നഗരത്തില്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത മേഖലകളിലാണ് ഇളവുകള്‍. ജില്ലയിലെ തീരദേശത്ത് അടുത്ത മാസം ആറുവരെ ലോക്ക് ഡൗണ്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്നു ജീവനക്കാരെ വച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. സ്വകാര്യസ്ഥാപനങ്ങളില്‍ 25 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഈ രണ്ടുമേഖലയിലെയും മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലിചെയ്യാം.
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം. അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളിലേക്ക് ഹോം ഡെലിവറി അനുവദിക്കും. പകുതി യാത്രക്കാരുമായി പൊതുഗതാഗതം അനുവദിക്കും. ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകളും നടത്താനാവും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ തുറക്കാം. ഈ കടകളില്‍ നാലുമണി മുതല്‍ ആറു മണി വരെയുള്ള സമയം മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി മാറ്റിവയ്ക്കണം. ഈ സമയത്ത് അവര്‍ക്കു മാത്രം സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം തയ്യാറാക്കിക്കൊടുക്കണം.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, സലൂണുകള്‍, സ്പാ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. തിരുവനന്തപുരം കോര്‍പറേഷനിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരും. കൃഷി-മറ്റ് കാര്‍ഷിക വൃത്തികള്‍ എന്നിവയും അനുവദനീയമാണ്. കോര്‍പറേഷനിലെ ഇരുപതോളം വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. മറ്റ് പത്തോളം വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നടത്താന്‍ പാടില്ല.
സിനിമാഹാള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. മേല്‍പ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.