സ്ക്രീനിങ് കമ്മിറ്റി ഇന്ന്; കോൺഗ്രസിന്റെ സ്‌ഥാനാർത്ഥി പട്ടിക വൈകും

ഇന്നു ചേരുന്നത്‌ സ്‌ക്രീനിങ് കമ്മിറ്റി ചർച്ച മാത്രമാണെന്നും ലിസ്‌റ്റ്‌ പിന്നീടേ പ്രഖ്യാപിക്കാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Update: 2019-03-11 06:11 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലേക്കുള്ള കോൺഗ്രസിന്റെ സ്‌ഥാനാർത്ഥി പട്ടിക ഇന്നും പ്രസിദ്ധീകരിക്കില്ലെന്ന് കെപിസിസി  അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്നു ചേരുന്നത്‌ സ്‌ക്രീനിങ് കമ്മിറ്റി ചർച്ച മാത്രമാണെന്നും ലിസ്‌റ്റ്‌ പിന്നീടേ പ്രഖ്യാപിക്കാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. അതേേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

അതിനിടെ, മൽസരിക്കാനില്ലെന്ന്‌ അറിയിക്കുന്ന നേതാക്കളുടെ എണ്ണം കൂടി. ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനും പിറകെ കെ സുധാകരനും മൽസരിക്കാൻ ഇല്ലെന്ന്‌ വ്യക്‌തമാക്കി. മുല്ലപ്പള്ളിയും മൽസരിക്കാൻ ഇല്ലെന്ന്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. എൽഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർഥിനിരയെ നേരിടാൻ പാകത്തിലുള്ളതല്ല തയ്യാറാക്കിയിട്ടുള്ള ലിസ്‌റ്റെന്നും പരാജയഭീതിയാണ്‌ നേതാക്കൾ മൽസരരംഗത്ത്‌നിന്ന്‌ പിൻമാറാൻ കാരണമെന്നും പറയുന്നു.

മത്സരിക്കാനില്ലെന്ന നിലപാട് മുതിർന്ന നേതാക്കൾ ആവർത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അതിനിടെ ആറ്റിങ്ങലിൽ പരിഗണിച്ചിരുന്ന അടൂർ പ്രകാശിനെ ആലപ്പുഴ മണ്ഡലത്തിലേക്കുള്ള ലിസ്റ്റിലും ഉൾപ്പെടുത്തി.

Tags:    

Similar News