പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജ്ജനം; കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയപ്പോഴാണ് എസ്എസ്എല്‍സി വിദ്യാര്‍ഥിക്ക് പരീക്ഷാഹാളില്‍ വയറുവേദന അനുഭവപ്പെട്ടത്

Update: 2019-03-21 18:17 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ശൗചാലയ സൗകര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കൊല്ലം കടയ്ക്കലില്‍ വിദ്യാര്‍ത്ഥിക്ക് ശൗചാലയ സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കെമിസ്ട്രി പരീക്ഷ തുടങ്ങിയപ്പോഴാണ് എസ്എസ്എല്‍സി വിദ്യാര്‍ഥിക്ക് പരീക്ഷാഹാളില്‍ വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇന്‍വിജിലേറ്ററെ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാതെ അധ്യാപിക വിസമ്മതിക്കുകയായിരുന്നു. അസഹ്യമായ വേദന അനുഭവപ്പെട്ട വിദ്യാര്‍ഥി പരീക്ഷയെഴുതാനാവാതെ പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം അറിഞ്ഞതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്കയച്ചു. വീട്ടിലെത്തിയ വിദ്യാര്‍ഥി രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. ബുധനാഴ്ച സംഭവമറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് പുറംലോകമറിഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്. പരീക്ഷയെഴുതുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ പരീക്ഷാ സൂപ്രണ്ടുമാര്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്.




Tags:    

Similar News