എം ശിവശങ്കറിന്‍റെ ആന്‍ജിയോഗ്രാം പരിശോധന പൂർത്തിയായി; ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ശിവശങ്കറിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കസ്റ്റംസ് വാഹനത്തിൽ തന്നെ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ ആന്‍ജിയോഗ്രാം പരിശോധന പൂർത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. നിലവിൽ കാർഡിയാക് ഐസിയുവിൽ തുടരുകയാണ് അദ്ദേഹം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്‍റെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ശിവശങ്കറിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കസ്റ്റംസ് വാഹനത്തിൽ തന്നെ എത്തിക്കുകയായിരുന്നു.
ഇസിജിയിൽ വ്യതിയാനം കണ്ടതിനെ തുടർന്നാണ് ആൻജിയോഗ്രാം പരിശോധനക്ക് തീരുമാനിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ രാത്രി വൈകിയും ആശുപത്രിയിൽ ഉണ്ടായിരുന്നു. എൻഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. ഈ മാസം ഒൻപതിനും 10നും ശിവശങ്കറിനെ ചോദ്യം ചെയ്ത കസ്റ്റംസ് 13ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവ് ഹാജരാക്കാൻ ശിവശങ്കർ കൂടുതൽ സമയം ചോദിച്ചതിനെത്തുടർന്ന് ചോദ്യംചെയ്യൽ മാറ്റി. 15ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എൻഫോഴ്‌സ്മെന്‍റിന്‍റെ ചോദ്യംചെയ്യൽ ഉണ്ടായതിനാൽ കസ്റ്റംസിന് മുന്നിൽ ഹാജരായില്ല. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ തിരുവനന്തപുരത്ത് തന്നെ ചോദ്യം ചെയ്യാനാണ് വെള്ളിയാഴ്ച കസ്റ്റംസ് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ശേഷം വാഹനത്തിലേക്ക് കയറുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.